കേരളകൗമുദി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ കാലിക പ്രസക്തം: ചിറ്റയം ഗോപകുമാർ

Wednesday 22 February 2023 12:02 AM IST

കൊച്ചി: സംസ്ഥാനത്ത് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായവയാണ് കേരളകൗമുദി പുറത്തിറക്കിയ ഹെൽത്തികിച്ചൺ, സ്മാർട്ട് കേരള എന്നീ പുസ്തകങ്ങളെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. രണ്ട് പുസ്തകങ്ങളുടെയും പ്രകാശന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഹെൽത്തി കിച്ചനിലുള്ളത്. കേരളീയരിൽ ഏറെപ്പേരും ഇന്ന് ജീവിതശൈലീ രോഗങ്ങളുടെ ഇരകളാണ്. പുരാതന കാലം മുതൽ മനുഷ്യർ ശീലിച്ചുവന്ന കാര്യങ്ങളിലെല്ലാം മാറ്റം വന്നു. ഭക്ഷണത്തോട് ആർത്തിയുള്ളവരായി മനുഷ്യ‌ർ മാറി. എപ്പോഴും ആഹാരം കഴിക്കുന്നവരായതിനാൽ കോഴിയുടെ ശൈലിയിലാണ് നമ്മുടെ ജീവിതം. കൊളസ്ട്രോൾ, ഷുഗർ, പ്രഷ‌ർ എന്നിവയില്ലാത്ത മനുഷ്യർ കുറവാണ്. രാവിലെ കായിക പരിശീലനം നടത്തുന്നതിനിടെ ചെറുപ്പക്കാർ കുഴഞ്ഞുവീണ് മരിക്കുന്ന വാർത്ത നിത്യസംഭവമായി. വളരെ ഗൗരവമായി ആലോചിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമായ കാര്യങ്ങളാണിവ.

നിലവിലുള്ള അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി സ്വന്തമായി വരുമാനം കണ്ടെത്താനും കുടുംബം മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന തരത്തിൽ വ്യാവസായിക രംഗത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. എങ്ങനെ ഒരു നല്ല സംരംഭകനാകാം എന്ന കാര്യം സ്മാർട്ട് കേരള വ്യക്തമാക്കി തരുന്നു. സംസ്ഥാന സർക്കാർ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ പാർക്ക് അനുവദിക്കുന്നുണ്ട്. ഇപ്പോൾ 8 വ്യവസായ കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് സ്വകാര്യ വ്യവസായ സംരംഭകരുമായി ചേർന്ന് സർക്കാർ ഒപ്പുവച്ചിട്ടുള്ളത്.

10 ഏക്കർ സ്ഥലമുള്ളവർ അപേക്ഷ നൽകിയാൽ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റ് ചെലവുകൾക്കുമായി മൂന്ന് കോടി രൂപ അനുവദിക്കും. ഓരോ സംരംഭകരെ കണ്ടെത്തി പ്രൊജക്ട് സമർപ്പിച്ചാൽ ഓരോ മേഖലയിലും വ്യവസായ പാർക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നയം സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് നിൽക്കുന്ന നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ കണ്ടെത്താൻ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുന്ന തരത്തിൽ കേരളം നല്ല അന്തരീക്ഷത്തിലാണ് ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരംഭിച്ച കാലംമുതൽ സമൂഹത്തിലെ ഏറ്റവും അവശത അനുഭവിക്കുന്ന ജനവിഭാഗത്തിനുവേണ്ടിയാണ് കേരളകൗമുദി പോരാടുന്നത്. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിവിടം എന്ന് ഗുരുദേവൻ പറഞ്ഞെങ്കിൽ അത് യാഥാ‌ത്ഥ്യമാക്കാൻ കേരളകൗമുദി വഹിച്ച പങ്ക് വളരെ വലുതാണ് - അദ്ദേഹം പറഞ്ഞു.