നേട്ടമായി മികച്ച ഡിസ്കൗണ്ട്; റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ
ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ വൻ വർദ്ധന. ഡിസംബറിനെ അപേക്ഷിച്ച് 9.2 ശതമാനം വളർച്ചയോടെ പ്രതിദിനം 14 ലക്ഷം ബാരൽ എണ്ണയാണ് ജനുവരിയിൽ ഇന്ത്യ വാങ്ങിയത്. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 83 ഡോളറാണ്. 60 ഡോളറിലും താഴെ വിലയ്ക്കാണ് റഷ്യ ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകുന്നത്.
ഇത് വാങ്ങൽച്ചെലവിൽ വൻ ലാഭം നൽകുന്നതിനാലാണ് ഇന്ത്യ വൻതോതിൽവാങ്ങിക്കൂട്ടുന്നത്. റഷ്യ-യുക്രെയിൻ യുദ്ധത്തിന് മുമ്പ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയിൽ ഇറക്കുമതിയിൽ 0.2 ശതമാനം മാത്രമായിരുന്നു റഷ്യൻ എണ്ണ. ഇപ്പോൾ 28 ശതമാനമാണ്.
2021ലെ മൊത്തം ഇറക്കുമതിയിൽ 0.1 ശതമാനം പങ്കുമായി റഷ്യ 17-ാം സ്ഥാനത്തായിരുന്നു. ഇപ്പോൾ റഷ്യ ഒന്നാമതാണ്. പരമ്പരാഗത സ്രോതസ്സുകളായിരുന്ന ഒപെക് രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇറക്കുമതി വൻതോതിൽ കുറയുകയും ചെയ്‌തു.
ഒപെക് ഇറക്കുമതി താഴേക്ക്
2008ൽ ഒപെക്കിൽ (ഗൾഫ്, ആഫ്രിക്ക) നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി 87 ശതമാനമായിരുന്നു. 2022ൽ 64.5 ശതമാനമായി താഴ്‌ന്നു. ഇറാക്കായിരുന്നു ഏറ്റവുമധികം എണ്ണ ഇന്ത്യയ്ക്ക് നൽകിയിരുന്നത്. കഴിഞ്ഞമാസം ഇറാക്കി എണ്ണയുടെ ഇറക്കുമതി ഡിസംബറിനേക്കാൾ 11 ശതമാനം ഉയർന്ന് പ്രതിദിനം 9.83 ലക്ഷം ബാരലായി.
റഷ്യയ്‌ക്കൊപ്പം ഇന്ത്യയും ചൈനയും
യുക്രെയിൻ യുദ്ധപശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്പും റഷ്യൻ എണ്ണയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൻ ഡിസ്കൗണ്ടുമായി ഇന്ത്യയെയും ചൈനയെയും റഷ്യ സമീപിച്ചത്. ഇപ്പോൾ ചൈനയും ഇന്ത്യയുമാണ് യഥാക്രമം റഷ്യയുടെ ഏറ്റവും വലിയവിപണികൾ.
5 ലക്ഷം
മാർച്ചിൽ ക്രൂഡോയിൽ ഉത്‌പാദനത്തിൽ പ്രതിദിനം 5 ലക്ഷം ബാരൽ കുറയ്ക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒന്നുകിൽ ഉത്‌പാദനത്തിന് ആനുപാതികമായി വില്പന നടക്കാത്തതിനാലാകാം അല്ലെങ്കിൽ വില വർദ്ധിപ്പിക്കാനുള്ള തന്ത്രമാകാം എന്നാണ് വിലയിരുത്തലുകൾ.