കലുങ്ക് ഇടിഞ്ഞാൽ കാണുന്നത് ദുരന്തം !

Wednesday 22 February 2023 12:07 AM IST
പത്തനംതിട്ട കോളേജ് റോഡിൽ സ്റ്റേഡിയം ജംഗ്ഷനും ടൗൺ ഹാളിനും മദ്ധ്യേയുള്ള ഞവരതോടിന് കുറുകെ അപകടാവസ്ഥയിലായ കലുങ്ക്

പത്തനംതിട്ട : കോളേജ് റോഡിൽ സ്റ്റേഡിയം ജംഗ്ഷനും ടൗൺഹാൾ റോഡിനും മദ്ധ്യേ ഞവര തോടിന് കുറുകെയുള്ള കലുങ്ക് അപകട ഭീഷണിയിൽ. ഇടിഞ്ഞുവീഴാറായ കലുങ്കിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡാണിത്. എൻ.എച്ചിന് കൈമാറാനിരിക്കുന്ന റോഡായതിനാൽ നിർമ്മാണം നടക്കുന്നില്ല. കലുങ്ക് പുനർനിർമ്മിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്.

ടൗൺഹാൾ, പോസ്റ്റ് ഓഫീസ്, ബാങ്കുകൾ, ഹോട്ടൽ, ജൂവലറികൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ തുടങ്ങിയവയെല്ലാം ഈ റോഡിനിരുവശത്തുമായാണുള്ളത്. അച്ചൻകോവിലാറ്റിൽ സംഗമിക്കുന്ന തോട്ടിൽ നിറയെ മാലിന്യക്കൂമ്പാരമാണ്. ചുറ്റും കാടുപിടിച്ച് കിടക്കുന്നതിനാൽ കലുങ്കിന്റെ ശോചനീയാവസ്ഥ പുറമേ നിന്ന് നോക്കിയാൽ കാണാൻ കഴിയില്ല. വലിയ മഴ പെയ്താൽ കലുങ്ക് നിലംപൊത്തിയേക്കാം.

അപകടാവസ്ഥ അറിയാതെ

സ്ലാബിനടിയിലെ മണ്ണൊലിച്ചുപോയതിനാൽ കലുങ്കിന്റെ സംരക്ഷണ തൂണുകളുടെ താഴ്ഭാഗം തെളിഞ്ഞു കാണാനാകും. കലുങ്കിനടിയിലെ സംരക്ഷണ ഭിത്തിയും അടർന്നനിലയിലാണ്.

മഴയിലെ കുത്തൊഴുക്കിൽ കോൺക്രീറ്റും ടാറിംഗും അടക്കം ഒഴുകിപോയിട്ടുണ്ട്. ഇതിനടിയിൽ ടെലിഫോൺ കേബിളുകൾ, വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ എന്നിവ കാണാനാകും. അപകടാവസ്ഥ തിരിച്ചറിയാതെ കലുങ്കിന് മുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരുമുണ്ട്.