ടെന്നിസ് ലോകത്തെ ഇന്ത്യൻ ഇതിഹാസം, കരിയർ അവസാനിപ്പിച്ച് സാനിയ മിർസ; മടക്കം പരാജയത്തോടെ

Tuesday 21 February 2023 10:29 PM IST

ദുബായ്: ഇന്ത്യൻ വനിതാ ടെന്നിസിന്റെ പതാകാവാഹകയായ സാനിയ മിർസ പ്രൊഫഷണൽ കരിയർ അവസാനിപ്പിച്ചു. ദുബായ് ഓപ്പണിലെ ഡബിൾസ് റൗണ്ടിൽ പരാജയത്തോടെയാണ് താരം വിരമിച്ചത്. റഷ്യയുടെ വെറോണിക്ക കൂഡർമെറ്റോവ-ലിയൂഡ്മില സഖ്യത്തോട് സാനിയയും കൂട്ടാളിയായ അമേരിക്കൻ താരമായ മാഡിസൺ കീസും 6-4, 6-0. സെറ്റുകൾക്ക് പരാജയമേറ്റുവാങ്ങുകയായിരുന്നു

രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് സാനിയ ഇന്ത്യൻ ടെന്നിസിന് നൽകിയത് സ്വന്തം മേൽവിലാസമാണ്. ടെന്നിസിലെ സാനിയ പർവത്തിൽ തന്നെയാണ് ഇന്ത്യൻ വനിതാ ടെന്നിസ് ലോകം ഇപ്പോഴും അറിയപ്പെടുന്നത് എന്നതാണ് വസ്തുത. ഇന്നും വനിതാ ടെന്നിസിൽ സാനിയയ്ക്ക് അപ്പുറത്തേക്ക് ഒരു ഇന്ത്യൻ താരമില്ല. കളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികൾ ഓരോന്നായി തരണം ചെയ്താണ് സാനിയ ഇന്ത്യയുടെ അഭിമാനമായി മാറിയത്. ടെന്നിസിന് പുറമേ തന്നെ ലക്ഷക്കണക്കിന് ഇന്ത്യൻ വനിതകൾക്കും പെൺകുട്ടികൾക്കും പ്രചോദനമായ വ്യക്തിത്വമാണ് സാനിയ മിർസ.

ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം റണ്ണർ അപ്പായാണ് ഗ്രാൻസ്ളാം കോർട്ടിനോട് സാനിയ നേരത്തെ വിടചൊല്ലിയത്. ദുബായ് ഓപ്പണോടെ ടെന്നീസ് കോർട്ടിനോടുതന്നെ വിട പറയുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു.

1985 നവംബർ 15നാണ് സാനിയയുടെ ജനനം. സ്പോർട്സ് ജേണലിസ്റ്റായിരുന്ന പിതാവ് ഇമ്രാൻ മിർസയാണ് ആറാം വയസിൽ സാനിയയെ ടെന്നീസിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. 2003 ഫെബ്രുവരിയിലാണ് സാനിയ പ്രൊഫഷണൽ ടെന്നിസ് സർക്യൂട്ടിൽ അരങ്ങേറിയത്. ആദ്യം സിംഗിൾസിലും പിന്നീ‌ട് ഡബിൾസിലും സാനിയ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

2013ൽ വിരമിക്കുന്നതുവരെ സിംഗിൾസിൽ ഇന്ത്യയിലെ ഒന്നാം റാങ്ക് താരമായിരുന്നു സാനിയ. ലോകറാങ്കിംഗിൽ 27-ാം സ്ഥാനത്തുവരെയെത്തി. ആറ് ഗ്രാൻസ്ളാം കിരീടങ്ങളാണ് ഡബിൾസിൽ നേടിയത്. മൂന്നെണ്ണം വനിതാ ഡബിൾസിലും മൂന്നെണ്ണം മിക്സഡ് ഡബിൾസിലും.

►സാ​നി​യ​യു​ടെ​ ​ഗ്രാ​ൻ​സ്ലാ​മു​കൾ

വ​നി​താ​ ​ഡ​ബി​സ് 2015​-​വിം​ബി​ൾ​ഡ​ൻ,​​​ ​മാ​ർ​ട്ടി​ന​ ​ഹിം​ഗി​സി​നൊ​പ്പം 2015​-​ ​യു.​എ​സ് ​ഓ​പ്പ​ൺ,​​​ ​മാ​ർ​ട്ടി​ന​ ​ഹിം​ഗി​സി​നൊ​പ്പം 2016​-​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ​ ​മാ​ർ​ട്ടി​ന​ ​ഹിം​ഗി​സി​നൊ​പ്പം മി​ക്സ​ഡ് ​ഡ​ബി​ൾ​സ് 2009​-​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​ഓ​പ്പ​ൺ,​ ​മ​ഹേ​ഷ് ​ഭൂ​പ​തി​ക്കൊ​പ്പം 2012​-​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ,​ ​മ​ഹേ​ഷ് ​ഭൂ​പ​തി​ക്കൊ​പ്പം 2014​-​ ​യു​എ​സ് ​ഓ​പ്പ​ൺ,​ ​ബ്രൂ​ണോ​ ​സോ​റ​സി​നൊ​പ്പം

43 കിരീടങ്ങളാണ് ഡബിൾസ് കരിയറിൽ ആകെ നേടിയത്.