അഗതികൾക്കൊപ്പമുണ്ട് നഗരസഭ; കരുതലോടെ

Wednesday 22 February 2023 12:36 AM IST

കോഴിക്കോട്: നിരാശ്രയരും അടിസ്ഥാന ജീവിതസൗകര്യങ്ങൾ നിഷേധിക്കപ്പെട്ടവരുമായ ഒറ്റയ്ക്കോ കൂട്ടായോ കടത്തിണ്ണയിലോ മറ്റോ കഴിയുന്നരുടെ ക്ഷേമത്തിനായുള്ള കോർപ്പറേഷന്റെ ഒപ്പം കാമ്പയിൻ 687 പേർക്ക് ആശ്വാസമാവുന്നു . അഗതിആശ്രയ ലിസ്റ്റിൽ ഉൾപ്പെടുത്തി 687 പേർക്കാണ് കോർപ്പറേഷൻ സഹായം എത്തിക്കുന്നത്. ലിസ്റ്റിൽ ഉൾപ്പടുത്തിയ എല്ലാവർക്കും എ.എ.വൈ കാർഡ് നൽകി. അതോടൊപ്പം മുഴുവൻ പേർക്കും 700 മുതൽ 900 രൂപയുടെ ഭക്ഷ്യധാന്യങ്ങൾ മാസംതോറും നൽകി വരുന്നുണ്ട്. ഇതിന് നഗരസഭ വർഷം' തോറും പ്ലാൻ പദ്ധതിയിൽ 60 ലക്ഷം രൂപയാണ് വകയിരുത്തുന്നത്.

ഇവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് ഒപ്പം ക്യാമ്പയിന്റെ ഭാഗമായി അഗതി ആശ്രയ ഗുണഭോക്താക്കൾക്കായി ടാഗോർ ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ്, മലബാർ ഹോസ്പിറ്റൽ, ചന്ദ്രകാന്ത് നേത്രാലയ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, നേത്രരോഗ വിഭാഗം എന്നിവരുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ കണ്ടെത്തിയതും പരിശോധന ആവശ്യവുമായ രോഗികൾക്ക് തിമിര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള തുടർചികിത്സ നഗരസഭ ഉറപ്പുവരുത്തിയിട്ടുണ്ട്. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഡപ്യൂട്ടി മേയർ സി. പി. മുസാഫിർ അഹമ്മദ് നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, ലയൺസ് ക്ലബ് പ്രസിഡന്റ് പ്രവീൺ, കോർപ്പറേഷൻ നോർത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ അംബിക, ഡോ. ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു. കോർപ്പറേഷൻ സൗത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജ ഹരിഷ് സ്വാഗതവും പ്രൊജക്ട് ഓഫീസർ ടി. കെ. പ്രകാശൻ നന്ദിയും പറഞ്ഞു.