സമരമൊഴിയാതെ കോംട്രസ്റ്റ് ഏറ്റെടുക്കൽ ഇനിയെന്ന്..

Wednesday 22 February 2023 12:38 AM IST
comtrust

കോഴിക്കോട്: സർക്കാരിന്റെ ഏറ്റെടുക്കൽ നടപടികൾ നീണ്ടു പോവുന്നതോടെ സമര രംഗത്തിറങ്ങിയ കോംട്രസ്റ്റിലെ നെയ്ത്ത് തൊഴിലാളികൾക്ക് പുറമെ കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെ സമരം വീണ്ടും കടുക്കുന്നു. 15 വർഷത്തോളമായി സമര രംഗത്തുള്ള എ.ഐ.ടി.യു.സി സമരം ശക്തമാക്കുകയാണ്. ഇതിന്റെ ആദ്യപടിയായി കോംട്രസ്റ്റ് ഏറ്റെടുക്കുക, നിയമം നടപ്പാക്കുക എന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി മാർച്ച് രണ്ടിന് കളക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തും.അതേസമയം സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളും തൊഴിലാളി സംഘടനകളും വ്യക്തമാക്കുന്നത്.

ഏറ്റെടുക്കലിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി. ബില്ലിന് ചട്ടങ്ങൾ തയാറാക്കി ഫാക്ടറിഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. പത്ത് വർഷത്തോളം നീണ്ട സമരങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും ഫലമായാണ് കോംട്രസ്റ്റ് ഏറ്റെടുക്കൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്. 2009 ഫെബ്രുവരി ഒന്നു മുതൽ കമ്പനി പൂട്ടിയ സാഹചര്യത്തിലാണ് രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. മാനേജ്‌മെന്റിന്റെയും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പിനെ മറികടന്ന് സംയുക്ത കോംട്രസ്റ്റ് വീവിംഗ് ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പത്ത് വർഷത്തോളം സമരം നടന്നത്. ഫാക്ടറി പൂട്ടുമ്പോൾ ഉണ്ടായിരുന്ന 287 തൊഴിലാളികളിൽ 180 പേരാണ് മാനേജ്‌മെന്റ് വ്യവസ്ഥകൾ അംഗീകരിച്ച് ആനുകൂല്യങ്ങൾ സ്വീകരിച്ചത്. അവശേഷിച്ച 107 പേർ സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടത്തി. ഇതിൽ 5 പേർ മരിച്ചു. സർക്കാർ പ്രഖ്യാപിച്ച 5000 പ്രതിമാസ ആനുകൂല്യം മാത്രമായിരുന്നു അശ്രയം. നിരവധി ചെറുതും വലുതുമായ സമരമാണ് എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകൾ സംയുക്തമായി കോംട്രസ്റ്റിനെ രക്ഷിക്കാൻ നടത്തിയത്. 2018ലാണ് ബിൽ നിയമമായത്. ഇപ്പോൾ നാല് വർഷം പിന്നിടുമ്പോൾ ആ നിയമം നടപ്പാക്കാനാണ് വീണ്ടും സമരം.