മറുനാട്ടുകാർക്ക് വിലക്ക്,ആയുർവേദം: സ്വാശ്രയത്തിൽ പകുതി സീറ്റിൽ ആളില്ല

Wednesday 22 February 2023 1:54 AM IST

തൃശൂർ: സ്വാശ്രയ കോളേജുകളിലെ ആയുർവേദ ബിരുദ കോഴ്‌സുകൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിബന്ധനയിലൂടെ കേരളീയർക്ക് മാത്രമായി നിജപ്പെടുത്തിയതോടെ,​​ പ്രവേശനം പൂർത്തിയായിട്ടും എണ്ണൂറോളം സീറ്റുകളിൽ 451എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ഇത് കോളേജുകളുടെ നടത്തിപ്പും പ്രതിസന്ധിയിലാക്കി.

ഇളവിനായി മാനേജ്‌മെന്റുകൾ സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് അലോട്ട്‌മെന്റും മോപ് അപ് അലോട്ട്മെന്റും നടത്തി. 'വേക്കൻസി ഫില്ലിംഗ്' എന്ന പേരിലും പ്രവേശനം നൽകി. എന്നിട്ടും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.

ഓൾ ഇന്ത്യ എൻട്രൻസിലൂടെ ഇതര സംസ്ഥാനക്കാർക്ക് സർക്കാർ,​ എയ്ഡഡ് കോളേജുകളിൽ പ്രവേശനം നേടാം. സ്വാശ്രയ കോളേജുകളിൽ നീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറാണ് പ്രവേശനം നൽകുക. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നിർബന്ധവുമാക്കി. അതോടെ മറ്റ് സംസ്ഥാനക്കാർക്ക് പ്രവേശനം അസാദ്ധ്യമായി. മറ്റ് സംസ്ഥാനങ്ങളിൽ ഈ നിബന്ധനയില്ല.

വിദേശികൾ ആയുർവേദം പഠിക്കുന്നു

തൃശൂരിലെ എസ്.എൻ.എ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ ജർമ്മനി, ഇറ്റലി, ആസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർ ആയുർവേദം നാലുവർഷ സർട്ടിഫിക്കറ്റ് കോഴ്‌സായി പഠിക്കുന്നുണ്ട്. ഇരുപത് വർഷത്തിനിടെ ആയിരത്തോളം പേർ പഠിച്ചിറങ്ങി.

ആയുർവേദം പഠിക്കുന്ന വിദേശികൾ കൂടിവരുമ്പോൾ മറ്റ് സംസ്ഥാനക്കാരെപ്പോലും സ്വാശ്രയകോളേജുകളിൽ പഠിപ്പിക്കാൻ കഴിയാത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെപ്പോലും ബാധിക്കുമെന്ന് അഷ്ടാംഗം ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആലത്തിയൂർ നാരായണൻ നമ്പി പറഞ്ഞു. വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയാൽ കോഴ്‌സ് ഫീസ് മാത്രം കോടികൾ കേരളത്തിലെത്തും.

13

ആയുർവേദ, സിദ്ധ, യുനാനി

സ്വാശ്രയ കോളേജുകൾ

50-60

ഓരോ കോളേജിലും സീറ്റുകൾ

2.6 ലക്ഷം

വാർഷിക ഫീസ്