സുപ്രീംകോടതി അന്ത്യശാസനം,കാപ്പിക്കോ റിസോർട്ട് മാർച്ച് 28നകം പൊളിക്കണം

Wednesday 22 February 2023 1:59 AM IST

മരട്: സ്വത്തുക്കൾ കണ്ടുകെട്ടാൻ 3 മാസം സമയം

ന്യൂഡൽഹി: ആലപ്പുഴ പാണാവള്ളി നെടിയത്തുരുത്ത് ദ്വീപിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച കാപ്പിക്കോ റിസോർട്ട് മാർച്ച് 28നകം പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം. പൊളിച്ചുനീക്കാൻ ഉത്തരവിട്ട് മൂന്നു വർഷം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിൽ സംസ്ഥാന സ‌ർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു. മാർച്ച് 28നകം പൊളിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറി കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് സുധാൻഷു ദൂലിയ അദ്ധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.

പൊളിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടെന്ന് സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ സി.കെ.ശശി കോടതിയെ അറിയിച്ചു. കുറച്ചു സമയം കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്, അവസാന അവസരമെന്ന നിലയിലാണ് മാർച്ച് 28 വരെ സമയം അനുവദിച്ചത്. 2020 ജനുവരിയിലാണ് കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്.

അതേസമയം, മരടിൽ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് ഹോളി ഫെയ്‌ത്ത് നിർമ്മാണക്കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ മൂന്നു മാസത്തെ സമയം കൂടി വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെ‍ഞ്ച് അനുവദിച്ചു. നേരത്തെ ഇതുസംബന്ധിച്ച നിർദ്ദേശം സുപ്രീംകോടതി നൽകിയിരുന്നു. മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണത്തിന് പിന്നിലെ ഉത്തരവാദികളാര് എന്നതു സംബന്ധിച്ച് വിശദമായ വാദം കേൾക്കാനും തീരുമാനിച്ചു.

സംസ്ഥാന സർക്കാരിനും മരട് ഗ്രാമപഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും ഉൾപ്പെടെ ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്‌ണൻ കമ്മിഷൻ കണ്ടെത്തിയിരുന്നു. എന്നാൽ റിട്ടയേർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ കണ്ടെത്തലുകളിൽ എതിർപ്പുളളതായി സംസ്ഥാന സ‌ർക്കാർ അറിയിച്ചു. തുടർന്ന് മാർച്ച് 28ന് വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.