സംഘപരിവാർ മതേതര ഇന്ത്യയെ ഇല്ലാതാക്കും: എം.വി. ഗോവിന്ദൻ
പയ്യന്നൂർ : സംഘപരിവാർ ശക്തികൾ വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യ മതേതര ഇന്ത്യ ഇല്ലാതാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു രാഷ്ട്രമായാൽ ഹിന്ദുക്കൾ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കണ്ട. കോർപ്പറേറുകൾക്കു വേണ്ടിയുള്ള ഭരണമായിരിക്കും ഉണ്ടാവുക. അതിനാണ് കപട ഹിന്ദുരാഷ്ട്ര വാദവുമായി അവർ രംഗത്തു വരുന്നത്. 2024 ൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ആർ.എസ്.എസിന് 100 വയസു തികയുന്ന 2025ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകും. അത് പ്രതിരോധിക്കുക എന്നതുകൂടിയാണ് മാർച്ചിലൂടെ ലക്ഷ്യമിടുന്നത്.
പൗരത്വ ദേദഗതി നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. ഏക സിവിൽ കോഡിന്റെ കാര്യത്തിലും ഇതായിരിക്കും സർക്കാർ നിലപാട്. തെറ്റായ പ്രചാരവേല പ്രതിരോധിക്കും. പ്രതിരോധം ജനങ്ങൾ ഏറ്റെടുത്തു എന്നതിനുള്ള തെളിവാണ് സ്വീകരണ കേന്ദ്രങ്ങളിലെ വൻ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു. പഴയങ്ങാടിയിലാണ് ഇന്നലെ പര്യടനം സമാപിച്ചത്.
ഇന്നലെ വൈകീട്ട് ജില്ലാ അതിർത്തിയായ കാലിക്കടവിൽ നിന്ന് കണ്ണൂരിലേക്ക് പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ നേതൃത്വത്തിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഇന്ന് രാവിലെ തളിപ്പറമ്പിലാണ് ആദ്യ സ്വീകരണം.