കെ.എസ്.ഇ.ബി ആർ.ഡി.എസ്.എസ് ജില്ലാതല ശിൽപശാല നാളെ

Wednesday 22 February 2023 12:15 AM IST

പത്തനംതിട്ട : ജില്ലയിൽ വൈദ്യുതി മേഖലയുടെ വികസനവും അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണവും ലക്ഷ്യമിട്ട് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടു കൂടി നടപ്പാക്കുന്ന നവീകരിച്ച വിതരണ മേഖല പദ്ധതിയുടെ (റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം ആർ.ഡി.എസ്.എസ്) ജില്ലാതല ശിൽപശാല നാളെ ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരി ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

നിലവിലുള്ള വൈദ്യുതി പ്രസരണ, വിതരണ ശൃംഖല പരിഷ്‌കരിക്കുകയും ഊർജ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും ഊർജ മേഖലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനവുമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആർ.ഡി.ഡി.എസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 61 കോടി രൂപയുടെ പദ്ധതികളുടെ ദർഘാസ് നടപടികൾ നടക്കുകയാണ്. പദ്ധതിയുടെ അന്തിമ തീരുമാനം എടുക്കുന്നതിനായാണ് ശിൽപശാല സംഘടിപ്പിച്ചിട്ടുള്ളതെന്ന് കെ.എസ്.ഇ.ബി ഡെപ്യുട്ടി ചീഫ് എൻജിനിയർ വി.എൻ. പ്രസാദ് അറിയിച്ചു.
ആന്റോ ആന്റണി എം.പി അദ്ധ്യക്ഷത വഹിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും. കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ പി.കെ. പ്രേംകുമാർ വിഷയാവതരണം നടത്തും.

Advertisement
Advertisement