നിയമം ലംഘിച്ച് യൂടേൺ യുവഎൻജിനീയർക്ക് ദാരുണാന്ത്യം

Wednesday 22 February 2023 12:00 AM IST

കൊച്ചി: നിയമം ലംഘിച്ച് യൂടേണെടുത്ത കണ്ടെയ്‌നർ ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവ എൻജിനീയർക്ക് ദാരുണാന്ത്യം. പുതുവൈപ്പ് സി.എം.എൽ.ആർ.ഇ ഉദ്യോഗസ്ഥനും തമിഴ്‌നാട് തിരുവണ്ണാമലൈ വള്ളിവാഗൈ സ്വദേശിയുമായ പുരുഷോത്തമനാണ് (33) മരിച്ചത്. ഇന്നലെ രാവിലെ മുളവുകാട് വല്ലാർപാടം ഡി.പി വേൾഡിന് മുൻവശത്ത് ആയിരുന്നു അപകടം. കണ്ടെയ്‌നർലോറി ഡ്രൈവർ തോപ്പുംപടി സൗദി സ്വദേശി അറക്കൽവീട്ടിൽ ഷിബിനെതിരെ (25) മുളവുകാട് പൊലീസ് മന:പൂർവമായ നരഹത്യക്ക് കേസെടുത്ത് അറസ്റ്റുചെയ്തു.

വല്ലാർപാടം ബസലിക്കയുടെ മുൻവശത്തെ സർവീസ് റോഡിലൂടെവന്ന കണ്ടെയ്‌നർലോറി അനുവദനീയമല്ലാത്ത യുടേൺ തിരിഞ്ഞ് മറുവശത്തെ സർവീസ് റോഡിലേക്ക് തിരിയുന്നതിനിടെയാണ് ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽപ്പെടുന്നത്. തത്ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം രാത്രി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് നടത്തും. മാതാവും സഹോദരിയും അനിയനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പുരുഷോത്തമൻ.