നടി കേസ്: മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നും തുടരും

Wednesday 22 February 2023 1:22 AM IST

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ നടി മഞ്ജു വാര്യർ ഇന്നലെ സാക്ഷി വിസ്താരത്തിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്റെ വിസ്താരം പൂർത്തിയാക്കി, പ്രതിഭാഗത്തിന്റെ വിസ്താരം ആരംഭിച്ചെങ്കിലും ഇന്നലെ പൂർത്തിയായില്ല. ഇന്നും മഞ്ജുവിന്റെ സാക്ഷി വിസ്താരം തുടരും. നടൻ ദിലീപിന്റെ അഭിഭാഷകൻ ഇന്ന് മഞ്ജുവിനെ വിസ്തരിക്കും. കേസിലെ 34 -ാം സാക്ഷിയായ മഞ്ജുവിനെ വിചാരണയുടെ ആദ്യഘട്ടത്തിൽ വിസ്തരിച്ചിരുന്നു. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്ന് തുടരന്വേഷണം വേണ്ടിവന്ന സാഹചര്യത്തിലാണ് മഞ്ജു അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.

അതേസമയം, കേസിലെ മറ്റൊരു സാക്ഷിയായ ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് എത്തി വിസ്തരിക്കാൻ അനുമതി തേടി വിചാരണക്കോടതി നൽകിയ അപേക്ഷയിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് ബാലചന്ദ്രകുമാർ അറിയിച്ചതിനെത്തുടർന്നാണ് വിചാരണ തിരുവനന്തപുരത്ത് എത്തി നടത്താൻ ജഡ്ജി ഹൈക്കോടതിയുടെ അനുമതി തേടിയത്.