ട്രാൻസ്പോർട്ടിന്റെ നാല് വാണിജ്യ ഭൂമി കെ.ടി.ഡി.എഫ്.സിക്ക്

Wednesday 22 February 2023 12:00 AM IST
തമ്പാനൂരിലെ വാണിജ്യ സമുച്ചയം

തിരുവനന്തപുരം: തമ്പാനൂർ, അങ്കമാലി, കോഴിക്കോട്, തിരുവല്ല വാണിജ്യ സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്ന കെ.എസ്.ആർ.ടി.സി ഭൂമി കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷന് (കെ.ടി.ഡി.എഫ്.സി) കൈമാറും.

സാമ്പത്തിക ബാദ്ധ്യത കാരണം നിക്ഷേപം സ്വീകരിക്കാൻ കെ.ടി.ഡി.എഫ്.സിക്ക് റിസർവ്വ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പരിഹാരമായാണ് ഭൂമി കൈമാറ്റം. കെ.ടി.ഡി.എഫ്.സിയും, കെ.എസ്.ആർ.ടി.സിയും സർക്കാർ മദ്ധ്യസ്ഥതയിൽ നടത്തിയ ചർച്ചയെ തുടർന്നാണ് നാലിടത്തും വാണിജ്യ സമുച്ചയങ്ങൾ നിർമ്മിച്ചത്. ബസ് സ്റ്റാൻഡുകൾ കൂടിയുള്ള ഇവ നിശ്ചിത കാലം കഴിയുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് കൈമാറാനായിരുന്നു ധാരണ. ഇതിന് കരാർ ഒപ്പിട്ടിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെ.എസ്.ആർ.ടി.സി നൽകാനുള്ള 400 കോടി തിരിച്ചടയ്ക്കാൻ കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടെങ്കിലും പണം അടച്ചില്ല. ഭൂമി ലഭിക്കുന്നതോടെ 100 കോടിയുടെ ആസ്തി കെ.ടി.ഡി.എഫ്.സിക്ക് കാണിക്കാനാകും. ഭൂമി കൈമാറിയതിൽ ട്രാൻസ്‌പോർട്ട് തൊഴിലാളി സംഘടനകൾക്ക് പ്രതിഷേധമുണ്ട്. കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടായെന്നാണ് അവരുടെ ആരോപണം.

വാണിജ്യസമുച്ചയങ്ങളെ ചൊല്ലി വിവാദം തുടരുന്നതിനിടെയാണ് പുതിയ ഇടപാട്. കോഴിക്കോട് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തമ്പാനൂരിൽ നിർമ്മിച്ച കെട്ടിടം ബസ് സ്റ്റേഷന് യോജ്യയമല്ലെന്നാണ് പരാതി.