പൊലീസിനെതിരെ ഷാഫി പറമ്പിൽ കത്ത് നൽകി

Wednesday 22 February 2023 12:20 AM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കളമശേരി പൊലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട് തന്നെ അവഹേളിക്കുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. സാമാജികരുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സ്റ്റേഷനിലെത്തിയ തന്നോട് സി.ഐ സന്തോഷ് കുമാറും എ.എസ്.ഐ സുരേഷ് കുമാറും മറ്റൊരു പൊലീസുകാരനും അപമര്യാദയായി പെരുമാറി. നിന്നെ പിടിച്ചു തല്ലുമെടാ എന്നാക്രോശിച്ച് പിടിച്ചുതള്ളി. ജനപ്രതിനിധിയെന്ന നിലയിൽ പ്രകടിപ്പിക്കേണ്ട ഒരു മര്യാദയും കാണിച്ചില്ല. പൊലീസുകാരുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.