അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടും
Tuesday 21 February 2023 11:23 PM IST
ഇടുക്കി: ശാന്തമ്പാറ, ചിന്നക്കനാൽ ഭാഗത്തെ ഏറ്റവും പ്രശ്നക്കാരനായ കാട്ടാന 'അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടി കൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിൽ തുറന്നുവിടാൻ ഉത്തരവ്. പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കു വെടി വച്ച് വാഹനത്തിൽ കയറ്റി നീക്കം ചെയ്യാനായില്ലെങ്കിൽ ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കാനോ, കോടനാട് ആനക്കൂട്ടിലടയ്ക്കാനോ അനുമതി നൽകിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിംഗ് ഉത്തരവിട്ടത്.
ജനവാസ കേന്ദ്രത്തിൽ നിന്ന് സുരക്ഷിതമായ അകലത്തിൽ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ മേൽനോട്ടത്തിൽ വേണം മയക്കുവെടി വയ്ക്കാൻ. കുങ്കി ആനകളുടെ സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കണം. റേഡിയോ കോളർ ഘടിപ്പിച്ച ശേഷമുള്ള ആനയുടെ സഞ്ചാരപഠം മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിരീക്ഷിക്കണം.