ജി20 രാജ്യക്കാർക്കും ഇനി യു.പി.ഐ ഉപയോഗിക്കാം

Wednesday 22 February 2023 12:00 AM IST

മുംബയ്: ഇന്ത്യയിലെത്തുന്ന ജി20 രാജ്യങ്ങളിലെ പൗരന്മാർക്കും ഇന്നലെ മുതൽ യു.പി.ഐ പണമിടപാട് സേവനം ലഭ്യമായി തുടങ്ങിയെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഇതുവരെ ഇന്ത്യയിൽ താമസിക്കുന്നവർക്കും പ്രവാസി ഇന്ത്യക്കാർക്കും മാത്രമായിരുന്നു യു.പി.ഐ ലഭ്യമായിരുന്നത്.

തുടക്കത്തിൽ മൂന്ന് വിമാനത്താവളങ്ങളിലൂടെ എത്തുന്ന ജി20 രാജ്യക്കാർക്കാണ് യു.പി.ഐ സേവനം ലഭ്യമാക്കുന്നത്. ബംഗളൂരു, ന്യൂഡൽഹി, മുംബയ് എന്നിവയാണവ. വിമാനത്താവളങ്ങളിൽ വച്ച് ഇവർക്ക് പ്രീപെയിഡ് പേമെന്റ്‌സ് ഇൻസ്‌ട്രുമെന്റ് (പി.പി.ഐ) വാലറ്റ് നൽകും. യു.പി.ഐയുമായി ബന്ധിപ്പിച്ച ഇതുപയോഗിച്ച് അഞ്ചുകോടിയോളം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം.

തിരഞ്ഞെടുക്കപ്പെട്ട സമ്മേളനസ്ഥലങ്ങളിലും സേവനം പ്രയോജനപ്പെടുത്താം. ക്യു.ആർ കോഡ് സ്കാൻ ചെയ്‌താണ് പണം കൈമാറാനാവുക. ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്ക്, ബാങ്കിതര ധനകാര്യ പി.പി.ഐ സ്ഥാപനങ്ങളായ പൈൻ ലാബ്‌സ്, ട്രാൻസ്‌കോർപ്പ് ഇന്റർനാഷണൽ എന്നിവയാണ് വാലറ്റുകൾ അനുവദിക്കുക.