ചെറുപയർ, ഉഴുന്ന്, എള്ള് കൃഷി തുടങ്ങി

Wednesday 22 February 2023 12:26 AM IST

പത്തനംതിട്ട : കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ ഭക്ഷ്യ സുരക്ഷാമിഷന്റെ ഭാഗമായി പയറുവർഗവിളകളുടെയും എള്ളിന്റെയും മുൻനിര ക്ലസ്റ്റർ പ്രദർശന പദ്ധതിക്ക് തുടക്കം കുറിച്ചു. 25 ഏക്കറിൽ ടിഎംവി 4 എന്ന എള്ളിനവും 15 ഏക്കറിൽ സിഒ 8 എന്ന ചെറുപയർ ഇനവും, 10 ഏക്കറിൽ വി ബി എൻ 11 എന്ന ഉഴുന്നിനവും ജില്ലയുടെ വിവിധ പ്രദേശത്തു കൃഷി ആരംഭിച്ചു. കോഴഞ്ചേരി പഞ്ചായത്തിൽ കൃഷിഭവന്റെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കോഴഞ്ചേരി തെക്കേമല നിലമേൽ പാടശേഖരത്തിൽ 20 ഏക്കർ സ്ഥലത്താണ് എള്ള്, ഉഴുന്ന് എന്നിവയുടെ കൃഷി തുടങ്ങിയത്. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ് ജോൺ വിത ഉദ്ഘാടനം നടത്തി. വളങ്ങളുടെ വിതരണ ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സാറാമ്മ സാജനും, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷും നിർവഹിച്ചു. ഡോ.ബി.ടി.റെയ്ഡു, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി. റോബർട്ട് എന്നിവർ മുൻനിര ക്ലസ്റ്റർ പ്രദർശന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. പത്തനംതിട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ.സുനിൽകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോയ് ഫിലിപ്പ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത ഫിലിപ്പ്, ക്ഷേമകാര്യം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത ഉദയകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വാസു ടി ടി, ബിജോ.പി മാത്യു, സാലി ഫിലിപ്പ്, സബ്‌ജെക്ട് മാറ്റർ സ്‌പെഷ്യലിസ്‌റ്റ് (അഗ്രോണോമി) വിനോദ് മാത്യു, കൃഷി ഓഫീസർ രമേഷ് കുമാർ.പി എന്നിവർ പ്രസംഗിച്ചു.