സേവനം സൗജന്യം, പന്നിവേട്ടയ്ക്ക് ദൗത്യസംഘം എത്തും

Wednesday 22 February 2023 12:00 AM IST

തൃശൂർ: കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വകവരുത്താൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി ലഭിച്ചാൽ മലപ്പുറത്തെ ഷൂട്ടർമാരെത്തി ദൗത്യം പൂർത്തിയാക്കും. പ്രതിഫലം ചോദിക്കാറില്ല. കൊടുക്കാൻ, തദ്ദേശസ്ഥാപനങ്ങൾക്ക് ഫണ്ടുമില്ല. ചിലയിടങ്ങളിൽ നിന്ന് ഭക്ഷണമോ വെള്ളമോ കിട്ടിയാലായി.

നാട്ടിലെ പന്നികളെ വകവരുത്തിയായിരുന്നു തുടക്കം. റിട്ട. ബ്‌ളോക്ക് ഓഫീസർ മലപ്പുറം മങ്കടയിലെ അലി നെല്ലങ്കരയുടെ നേതൃത്വത്തിൽ മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, ഒറ്റപ്പാലം ഭാഗങ്ങളിലെ ലൈസൻസുള്ള15 ഷൂട്ടർമാരുണ്ട്. ഇവരിൽ പരമ്പരാഗതമായി ലൈസൻസുള്ളവരും റൈഫിൾ ക്‌ളബ് അംഗങ്ങളുമുണ്ട്. സുരേഷ്ബാബു (ഒറ്റപ്പാലം), കെ.പി.ഷാൻ (നിലമ്പൂർ), ദേവകുമാർ, ചന്ദ്രൻ, വി.ജെ.തോമസ്, മെഹബൂബ് (നാലുപേരും പെരിന്തൽമണ്ണ) എന്നിവരാണ് സ്ഥിരാംഗങ്ങൾ. മലപ്പുറം, പാലക്കാട്, തൃശൂർ (തിരുവില്വാമല) എന്നിവിടങ്ങളിലായി ആറ് മാസത്തിനിടെ 400 കാട്ടുപന്നികളെ വകവരുത്തി. കാസർകോട്ടും കൊല്ലത്തുമാണ് അടുത്ത ദൗത്യം. കൃഷിയും സ്വന്തം ബിസിനസുമൊക്കെയുള്ള സംഘാംഗങ്ങൾ ചർച്ച ചെയ്താണ് ദൗത്യത്തിന് തീയതി കുറിക്കുക.

അധികാരമുണ്ട്, പണമില്ല

ഒന്നിനെ കൊന്നാൽ ആയിരം രൂപ വാഗ്ദാനവുമായി വനംവകുപ്പ് പന്നിശല്യം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ജനവാസ മേഖലയിലെ പന്നിവേട്ടയ്ക്ക് തദ്ദേശസ്ഥാപന മേധാവികൾക്ക് അധികാരം നൽകി കഴിഞ്ഞ മേയിൽ ഉത്തരവിറക്കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ല.

ജനകീയ ദൗത്യം

ഷൂട്ടർമാർക്കൊപ്പം പതിനഞ്ചോളം നായ്ക്കളുമുണ്ടാകും. നായ്ക്കൾ തുരത്തുമ്പോൾ പുറത്തിറങ്ങുന്ന പന്നികളെ വെടി വയ്ക്കും. ജഡങ്ങൾ തദ്ദേശീയർ ജെ.സി.ബി ഉപയോഗിച്ച് കുഴികുത്തി സംസ്‌കരിക്കും. തിരുവില്വാമലയിൽ കഴിഞ്ഞയാഴ്ച 91പന്നികളെ കൊന്ന സംഘത്തിൽ 50 ഓളം പേരുണ്ടായിരുന്നു. ഷൂട്ടർമാർക്കൊപ്പം മലപ്പുറത്തെ സഹായികളും സ്വന്തം ചെലവിൽ എത്തിച്ചേരും.

ദൗത്യത്തിന് കൃത്യമായ പ്ളാൻ

മനുഷ്യന്റെ ജീവനോ സ്വത്തിനോ നാശമുണ്ടാകരുത്. ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. ദൗത്യവിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം. ജനജാഗ്രതാ സമിതികളുടെ സേവനം ഉപയോഗിക്കാം. വിഷ, സ്‌ഫോടക വസ്തുക്കളാലോ ഷോക്കേൽപ്പിച്ചോ കൊല്ലരുത്.

കർഷകരുടെ കണ്ണീർ കണ്ടാണ് ദൗത്യം തുടങ്ങിയത്. ഇപ്പോൾ പലരും വിളിക്കുന്നുണ്ട്.

അലി നെല്ലങ്കര