സഹകരണ സംരക്ഷണ നിധി തുടങ്ങും: മന്ത്രി

Wednesday 22 February 2023 2:28 AM IST

കൊച്ചി: കടത്തിലാവുകയോ ക്രമക്കേടുകളിൽ ഉൾപ്പെടുകയോ ചെയ്ത് പ്രവർത്തനം ബുദ്ധിമുട്ടിലാകുന്ന സഹകരണ സംഘങ്ങൾക്ക് സഹായം നൽകാനായി സഹകരണ സംരക്ഷണ നിധി തുടങ്ങുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹായം ആവശ്യമായ സഹകരണ സംഘങ്ങൾ വിശദമായ പദ്ധതി സമർപ്പിക്കണം. ഇവ പരിശോധിച്ചാണ് തവണകളായി സഹായം അനുവദിക്കുക. ബാദ്ധ്യതകൾ തീർത്ത് പ്രവർത്തനം ലാഭകരമാകുമ്പോൾ തുക തിരികെ അടയ്ക്കണം. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും തയ്യാറാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിച്ചെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സഹകരണ മേഖലയിൽ 56,267 തൊഴിലവസരങ്ങൾ ഇടതുഭരണത്തിൽ സൃഷ്ടിക്കപ്പെട്ടു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 50ശതമാനം പലിശ ഒഴിവാക്കാനുള്ള അധികാരം സഹകരണ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. കേരളബാങ്കിൽ എ.ടി.എം, മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, ആർ.ടി.ജി.എസ് സംവിധാനങ്ങൾ പൂർണമായും നടപ്പാക്കും.