മധുസൂദനൻ നായർക്ക് ജ്ഞാനപ്പാന പുരസ്കാരം: തീരുമാനത്തിന് സ്റ്റേ

Wednesday 22 February 2023 2:29 AM IST

കൊച്ചി: ഈ വർഷത്തെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി വി. മധുസൂദനൻ നായർക്ക് നൽകാനുള്ള ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. പുരസ്‌കാര നിർണയത്തിനു മതിയായ മാനദണ്ഡങ്ങൾ നിർണയിക്കണമെന്നാവശ്യപ്പെട്ട് ഉദയംപേരൂർ സൗത്ത് പറവൂർ സ്വദേശി രതീഷ് മാധവൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്. ഹർജിയിൽ വാദം നടക്കുന്നതിനിടെ, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി ഫെബ്രുവരി 16 നു ചേർന്ന യോഗത്തിൽ പുരസ്കാര നിർണയത്തിനു രേഖാമൂലം തയ്യാറാക്കിയ മാനദണ്ഡങ്ങൾക്ക് അനുമതി നൽകിയതായി ദേവസ്വത്തിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ മധുസൂദനൻ നായർക്ക് പുരസ്കാരം നൽകാൻ ദേവസ്വം മാനേജിംഗ് സബ് കമ്മിറ്റി ഫെബ്രുവരി ഏഴിനു തീരുമാനമെടുത്തപ്പോൾ ഏതെങ്കിലും ബൈലോ വ്യവസ്ഥകളോ നിലവിലുണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.