കാലടി സർവകലാശാല: ഗവേഷണ റാങ്ക് ലിസ്റ്റ് റദ്ദാക്കി

Wednesday 22 February 2023 1:33 AM IST

കൊച്ചി: കാലടി സംസ്കൃത സർവകലാശാലാ മലയാളം ഭാഷാ വകുപ്പിലെ ഗവേഷണ വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി. എൻട്രൻസ് പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ പുതിയ റാങ്ക് ലിസ്റ്റ് ഉണ്ടാക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി പുതിയ റാങ്ക് ലിസ്റ്റ് ഒരാഴ്‌ചയ്ക്കകം പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു. യു.ജി.സി മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതെന്നാരോപിച്ച് തൃശൂർ സ്വദേശിനി തീർത്ഥാ മോഹൻ, എറണാകുളം സ്വദേശിനി ലെബി വിജയൻ എന്നിവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

യു.ജി.സിയുടെ പരിഷ്കരിച്ച മാനദണ്ഡങ്ങളനുസരിച്ച് എൻട്രൻസ് പരീക്ഷക്ക് 70 മാർക്കും ഇന്റർവ്യൂവിന് 30 മാർക്കുമാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നൽകണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ കാലടി സംസ്കൃത സർവകലാശാലയിൽ എൻട്രൻസ് പരീക്ഷയുടെ മാർക്ക് ഒഴിവാക്കി ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. എൻട്രൻസ് പരീക്ഷയിൽ ഹർജിക്കാർ യഥാക്രമം രണ്ടും എട്ടും റാങ്കുകൾ നേടിയെങ്കിലും അന്തിമ റാങ്ക് ലിസ്റ്റിൽ ഇടം നേടിയിരുന്നില്ല.