വേദി പങ്കിടൽ വിവാദം: ബോധപൂർവം അല്ലെന്ന് സാദിഖലി തങ്ങൾ

Wednesday 22 February 2023 12:00 AM IST

കോഴിക്കോട്: സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പുറത്താക്കിയ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിക്കൊപ്പം വേദി പങ്കിട്ടത് ബോധപൂർവം അല്ലെന്നും യാദൃച്ഛികമായി പങ്കെടുത്തതാണെന്നും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വിശദീകരണം. സംഭവം വിവാദമായതോടെയാണ് സമസ്ത ഉന്നത നേതൃത്വത്തിന് അദ്ദേഹം വിശദീകരണം നൽകിയത്. എങ്കിലും സംഭവത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. സമസ്തയും ലീഗ് നേതൃത്വവുമായുള്ള അസ്വാരസ്യവും മറനീക്കി.

നാദാപുരം പെരുമുണ്ടശ്ശേരി വരക്കൽ മുല്ലക്കോയ തങ്ങൾ വാഫി കോളേജ് ഉദ്ഘാടന, ചേലക്കാട് ഉസ്താദ് സ്മാരക വഫിയ്യ കോളേജ് ശിലാസ്ഥാപന പരിപാടികളിലാണ് സാദിഖലി ശിഹാബ് തങ്ങളും ഹക്കീം ഫൈസിയും വേദി പങ്കിട്ടത്. പരിപാടി ശ്രദ്ധയിൽപ്പെട്ടതോടെ ഹക്കീം ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തസുന്നി യുവജന സംഘവും എസ്.കെ.എസ്.എസ്.എഫും പത്രക്കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. പരിപാടികളിൽ ഫൈസിയെ പങ്കെടുപ്പിക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. എന്നിട്ടും സാദിഖലി തങ്ങൾ പങ്കെടുത്തതാണ് വിവാദത്തിലായത്.