യുവേഫ ചാമ്പ്യൻസ് ലീഗ് ലെയ്പ്‌സിഗിനെതിരെ മാഞ്ചസ്റ്റർ സിറ്റി

Tuesday 21 February 2023 11:46 PM IST

ലെയ്പ്സിഗ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന ആദ്യപാദ പ്രീ ക്വാർട്ടർ ഫൈനലിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെ നേരിടും. ലെയ്പ്സിഗിന്റെ തട്ടകത്തിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ആഴ്സനലിനെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നെങ്കിലും തൊട്ടുപിന്നാലെ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് സമനിലയിൽ പിരിഞ്ഞതോടെ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. സ്ഥിരത കണ്ടെത്താൻ കഴിയാത്തതാണ് പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയെ അലട്ടുന്നത്. ഗോൾവേട്ടക്കാരായ എർലിംഗ് ഹാലാൻഡ് ,കെവിൻ ഡിബ്രുയാൻ തുടങ്ങിയവർ ഫോമിലേക്കെത്തിയാൽ ലെയ്പ്സിഗിനെ മറികടക്കാമെന്ന് പെപ് കരുതുന്നു. സ്പാനിഷ് താരം ഡാനി ഓൾമോ,ജർമ്മൻ താരം ടിമോ വെർണർ,ഡാനിഷ് താരം യൂസഫ് പോൾസൺ തുടങ്ങിയവരാണ് ജർമ്മൻ ക്ളബിന്റെ കുന്തമുനകൾ.

ഇന്ന് നടക്കുന്ന മറ്റൊരു ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാൻ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെ നേരിടും. ഇന്ററിന്റെ തട്ടകമായ സാൻസിറോയിലാണ് മത്സരം.

രാത്രി 1.30 മുതൽ ടെൻ ചാനൽ നെറ്റ്‌വർക്കിൽ ലൈവ്.