കേബിൾ കുരുങ്ങി വീണ്ടും അപകടം,​ പരിഹാരമില്ലാതെ ദുരന്തവഴികൾ

Wednesday 22 February 2023 12:00 AM IST

കൊച്ചി: റോഡിൽ പൊട്ടിവീണുകിടക്കുന്ന കേബിളുകളിൽ കുരുങ്ങി യാത്രക്കാർ അപകടത്തിലാവുകയും ജീവൻ പൊലിയുകയും ചെയ്യുന്നത് തുടർക്കഥയാകുമ്പോഴും അധികൃതർ അറിഞ്ഞ ഭാവമില്ല. തൃശൂർ കോർപ്പറേഷൻ മുൻ സെക്രട്ടറിയും അഭിഭാഷകനുമായ മുണ്ടംവേലി വെട്ടിക്കാട്ടിൽ വീട്ടിൽ പി.ജെ. കുര്യനാണ് (62) ഒടുവിൽ അപകടത്തിൽപ്പെട്ടത്. കഴുത്തിൽ ക്ഷതമേൽക്കുയും വീഴ്ചയിൽ ഇടതുകാൽ ഒടിയുകയും ചെയ്ത കുര്യൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ ആറോടെ എറണാകുളം രവിപുരത്തായിരുന്നു സംഭവം. കോഴിക്കോട് ലാ കോളേജ് വിദ്യാർത്ഥിയായ മകളെ സൗത്ത് റെയിൽവേ സ്‌റ്റേഷനിലാക്കി മടങ്ങുന്നതിനിടെയാണ് മരണത്തെമുഖാമുഖം കണ്ടത്.

രവിപുരം എച്ച്.ഡി.എഫ്.സി ബാങ്കിനുസമീപം റോഡിനു കുറുകെ പൊട്ടിവീണുകിടന്ന കേബിൾ കുര്യന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. 'റോഡിൽ വെളിച്ചം കുറവായിരുന്നു. കേബിൾ കഴുത്തിൽ കുരുങ്ങി റോഡിലേക്ക് വീഴുകയായിരുന്നു. മറ്റുവാഹനങ്ങളൊന്നും പിന്നിൽ ഉണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് ജീവിച്ചിരിക്കുന്നത്"- കുര്യൻ കേരളകൗമുദിയോട് പറഞ്ഞു. റോഡിലേക്ക് തെറിച്ചുവീണാണ് ഇടതുകാലൊടിഞ്ഞത്. ഓടിക്കുടിയ മറ്റുയാത്രക്കാരാണ് കുര്യനെ ആശുപത്രിയിലെത്തിച്ചത്.

കൊച്ചിയിൽ അനധികൃതമായി കേബിളുകൾ സ്ഥാപിച്ചിട്ടുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഉറപ്പുനൽകി. ഒരാഴ്ച പിന്നിടും മുമ്പാണ് വീണ്ടും അപടമുണ്ടായത്.

ഉത്തരവാദി കമ്പനികൾ ?​

നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത കേബിളുകൾ കോർപ്പറേഷൻ മുറിച്ചുനീക്കുന്നുണ്ടെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. കേബിൾ കുരുങ്ങി യാത്രക്കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളിൽ ഉത്തരവാദി ആ കേബിളുകൾ സ്ഥാപിച്ച കമ്പനികളാണ്. പലതവണ യോഗം ചേർന്ന് ബി.എസ്.എൻ.എൽ അടക്കമുള്ള സ്ഥാപനങ്ങളോട് ആവശ്യമില്ലാത്ത കേബിളുകൾ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും നടപടിയെടുത്തില്ല. വൈദ്യുതിമന്ത്രിക്കു മുന്നിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഷ്ടപരിഹാരത്തിന്റെ ആവശ്യം വന്നാൽ കോർപ്പറേഷൻ ഒഴിഞ്ഞുമാറില്ലെന്നും മേയർ വ്യക്തമാക്കി.

Advertisement
Advertisement