തൈക്കണ്ടി കടവുകാർക്ക് അറിയണം കോൺക്രീറ്റ് പാലം വരുമോ?
@ പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം
കുന്ദമംഗലം; കുരുവട്ടൂർ പഞ്ചായത്തിലെ തൈക്കണ്ടികടവിൽ അക്കരെയെത്താൻ ഒരു പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അക്കരെയുള്ള ക്ഷേത്രത്തിലെ തിറയുത്സവത്തോടനുബന്ധിച്ച് ക്ഷേത്ര കമ്മിറ്റിക്കാരും ഇക്കരെയുള്ള നാട്ടുകാരും ചേർന്ന് നിർമ്മിക്കുന്ന താത്കാലിക പാലമാണ് വേനൽക്കാലത്ത് ഇവിടുത്തുകാരുടെ ഏക ആശ്രയം. എല്ലാ വർഷവും ഫെബ്രുവരി മാസത്തിൽ കമുകിൻ തടിയും മണൽചാക്കും കൊണ്ട് പണിയുന്ന പാലത്തിന് മഴവരെയാണ് ആയുസ് !. പുറ്റുമണ്ണിൽതാഴം അങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ആളുകൾക്ക് കുന്ദമംഗലത്തും കാരന്തൂരും മെഡിക്കൽ കോളേജിലുമൊക്കെ എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. മാത്രമല്ല , ബസ് സൗകര്യവുമില്ല. കുന്ദമംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്ക് വേറെയും. തൈക്കണ്ടികടവിൽ പാലം വരികയാണെങ്കിൽ ഇക്കരക്കാർക്ക് കാരന്തൂരും കുന്ദമംഗലത്തും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. കോഴിക്കോട് മെഡിക്കൽ കോളേജിലെത്താനും എളുപ്പമാകും.
പുഴയുടെ ഇരുകരയിലുമായാണ് പയമ്പ്ര ഹയർസെക്കൻഡറി സ്കൂളും കുന്ദമംഗലം, മർകസ് ഹയർസെക്കൻഡറി സ്കൂളുകളും ഉള്ളത്. പ്ലസ്ടു അലോട്ട്മെന്റിൽ പലപ്പോഴും ഇവിടെയുള്ള കുട്ടികൾക്ക് അക്കരെയും ഇക്കരെയുമാണ് പ്രവേശനം ലഭിക്കുന്നത്. പാലം യാഥാർത്ഥ്യമായാൽ വിദ്യാർത്ഥികളുടെ പ്രയാസത്തിനും പരിഹാരമാകും. പാലമെന്ന ആവശ്യവുമായി പ്രദേശവാസികൾ കയറാത്ത ഓഫീസുകളില്ല. വർഷങ്ങൾക്ക് മുമ്പ് തൈക്കണ്ടികടവിൽ ഒരു തൂക്കുപാലം അനുവദിച്ചു കിട്ടിയിരുന്നു. അന്ന് അപ്രോച്ച് റോഡൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ സാങ്കേതികത്വത്തിൽ കുടുങ്ങി തൂക്കുപാലം നിർമ്മാണം നിലച്ചു. എലത്തൂർ നിയമസഭാ മണ്ഡലത്തിന്റെ ഒരറ്റത്തുള്ള കുരുവട്ടൂരിലെ പുറ്റുമണ്ണിൽ താഴത്തുകാർക്ക് എംഎൽ.എയും മന്ത്രിയും ഒരാളായിട്ടും പ്രയോജനമൊന്നും ഇല്ലെന്നാണ് ആരോപണം.
'ഇവിടെയുള്ള ഒരു എൽ.പി.സ്കൂൾ നിർത്തലാക്കിയത് കടവിൽ പാലമില്ലാത്തതുകൊണ്ടാണ്. നേരത്തെ സ്കൂളിലേക്ക് കുട്ടികൾ അക്കരെനിന്ന് തോണിയിൽ വരാറുണ്ടായിരുന്നു. കടവ് പോയതോടെ കുട്ടികൾ പുഴകടന്നു വരാതെയായി. ഒടുവിൽ സ്കൂളും പൂട്ടി. തൈക്കണ്ടികടവിൽ വീതിയുള്ള പാലമൊന്നും ആവശ്യപ്പെടുന്നില്ല. ഒരു ആംബുലൻസ് കടന്നുപോകാനുള്ള വീതി, അത്രയും മതി" ചന്ദ്രൻ പുറ്റുമണ്ണിൽതാഴം (സാമൂഹ്യപ്രവർത്തകൻ).
'പാലത്തോടൊപ്പം തൈക്കണ്ടികടവിൽ തടയണയും വേണം. ഇരുഭാഗത്തും പൂനൂർ പുഴയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികൾ ഏറെയുണ്ട്. തടയണയുണ്ടെങ്കിൽ പുഴയുടെ ജലവിതാനത്തിനനുസരിച്ച് ഒരുകിലോമീറ്റർ ദൂരെയുള്ള കിണറിൽ വരെ വെള്ളമുണ്ടാകും'. ശ്രീനിവാസൻ നായർ (സെക‌്രട്ടറി, അരുണോദയം വായനശാല, പുറ്റുമണ്ണിൽതാഴം)
'പാലത്തിന് തടസമായി നേരത്തെ അധികൃതർ പറഞ്ഞിരുന്നത് അപ്രോച്ച് റോഡില്ല എന്നതായിരുന്നു. എന്നാൽ ഇരുഭാഗത്തും ഇപ്പോൾ മതിയായ റോഡ് സൗകര്യമുണ്ട്. ഒരുഭാഗത്ത് കോൺക്രീറ്റ് റോഡാണ്" . ബിജു.കെ. (പൊതുപ്രവത്തകൻ)