ഡി.വൈ.എഫ്.ഐക്കാരെ ഉടൻ അറസ്റ്റ് ചെയ്യണം:കോൺഗ്രസ്

Wednesday 22 February 2023 1:28 AM IST

കൊല്ലം: റോഡരികിൽ നിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതി ക്രൂരമായി തല്ലിച്ചതിച്ച ഡി.വൈ.എഫ്‌.ഐ ഗുണ്ടകളെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കുന്നവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കോൺഗ്രസ് കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതയ്ക്കുമ്പോൾ പൊലീസുകാർ കാഴ്ചക്കാരുടെ റോളിലായിരുന്നുവെന്നും സംഭവത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവ നടത്തുമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു. കായികപരമായുള്ള ആക്രമണങ്ങളെ കായികപരമായി നേരിടാനുള്ള ആർജ്ജവം കൊല്ലത്ത് കോൺഗ്രസിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പിന്നിൽ ക്വട്ടേഷൻ"

തന്നെ ലക്ഷ്യം വച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്നലെ നടത്തിയ ആക്രമണത്തിന് പിന്നിൽ യൂത്ത് കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന്റെ ക്വട്ടേഷനാണെന്ന് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. ആഡംബര ഹോട്ടൽ വാസവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന്റെ വൈരാഗ്യം ഡി.വൈ.എഫ്.ഐ പ്രവർത്തരെ ഇറക്കി തീർക്കുകയായിരുന്നു. ആക്രമണത്തോടൊപ്പം അതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നും വിഷ്ണുസുനിൽ ആവശ്യപ്പെട്ടു.