യൂത്ത് കോൺഗ്രസുകാർക്ക് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം

Wednesday 22 February 2023 1:31 AM IST

 വിഷ്ണു സുനിൽ പന്തളത്തിന് ഗുരുതര പരിക്ക്

കൊല്ലം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കൊല്ലം നഗരത്തിൽ ഡി.വൈ.എഫ്.ഐ ഗുണ്ടാ ആക്രമണം. കമ്പിവടി, ഇടിക്കട്ട എന്നിവ ഉപയോഗിച്ചുള്ള ക്രൂരമായ ആക്രണത്തിൽ യൂ0ത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം അടക്കം ആറ് പേർക്ക് സാരമായി പരിക്കേറ്രു.

ചിന്നക്കട ക്ലോക്ക് ടവറിന് മുന്നിൽ ഇന്നലെ വൈകിട്ട് അ‌ഞ്ചോടെയായിരുന്നു സംഭവം. സമീപത്തെ ഹോട്ടലിൽ വ്യവസായ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി.രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഈ സമയം സ്ഥലത്തെത്തിയ ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സമീപം വൻ പൊലീസ് സംഘം ഉണ്ടായിരുന്നെങ്കിലും ഡ.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയതോടെ ഇവർ പിന്മാറുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കമ്പിവടിയും ഇടിക്കട്ടയും കൊണ്ടുള്ള ആക്രമണത്തിൽ നിലത്തുവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ നിലത്തിട്ട് ചവിട്ടി. അസഭ്യവർഷത്തോടൊപ്പം വധഭീഷണിയും മുഴക്കിയായിരുന്നു ആക്രമണം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന്റെ മുക്കിന്റെ പാലത്തിന് രണ്ട് പൊട്ടലുണ്ട്. ശരീരമാസകലം കമ്പിവടികൊണ്ടും ഇടിക്കട്ട കൊണ്ടും ആക്രമിച്ചതിന്റെ പാടുകളുമുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി കുളപ്പാടം ഫൈസൽ, കൊല്ലം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ശരത്ത് മോഹൻ, ഇരവിപുരം അസംബ്ലി കമ്മിറ്റി ജനറൽ സെക്രട്ടറി അജ്മൽ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആഷിക് ബൈജു എന്നിവർക്കും മുഖത്ത് സാരമായി പരിക്കുണ്ട്.

സംഭവം ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ റിപ്പോർട്ടർ ടി.വി കാമറാമാൻ രാജേഷിനെയും ഡി.വൈ.എഫ്.ഐക്കാർ മർദ്ദിച്ചു. പരിക്കേറ്രവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ബിലാൽ, ബ്ലോക്ക് ജോ. സെക്രട്ടറി സനോഫർ തുടങ്ങിയവർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.

Advertisement
Advertisement