വേളാങ്കണ്ണി ട്രെയിനിന് ആയുസ് 26 വരെ
കൊല്ലം: എറണാകുളം - വേളാങ്കണ്ണി പ്രതിവാര ട്രെയിൻ സർവീസിന് ഇനി ഒരാഴ്ച കൂടി ആയുസ്. നിലവിൽ 26 വരെയാണ് സർവീസ്. ചുരുങ്ങിയ കാലത്തിനുള്ളിൽ റെയിൽവേയ്ക്ക് മികച്ച വരുമാനം നൽകിയ സർവീസ് സ്ഥിരമാക്കണമെന്ന് എം.പിമാരും മറ്റ് ജനപ്രതിനിധികളും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നിരന്തരം ആവശ്യപ്പെട്ടിട്ടും റെയിൽവേ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ച സർവീസ് ആദ്യം ജനുവരിയിൽ രണ്ടാഴ്ചത്തേക്കും പിന്നീട് ഒരു മാസത്തേക്കും ദീർഘിപ്പിച്ചു. ജനുവരി 31ന് സർവീസ് അവസാനിക്കാറായപ്പോൾ ഫെബ്രുവരി മാസത്തേക്ക് കൂടി സർവീസ് നീട്ടി. ഫെബ്രുവരി 4, 11, 18, 25 തീയതികളിൽ വേളാങ്കണ്ണിയിലേക്കും 5, 12, 19, 26 തീയതികളിൽ എറണാകുളത്തേക്കുമാണ് സർവീസ്. വേളാങ്കണ്ണി, നാഗൂർ പള്ളി, തിരുവാരൂർ ത്യാഗരാജ ക്ഷേത്രം എന്നിവിടങ്ങളിലേക്കും കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവർക്കും ഏറെ സഹായകരമാണ് സർവീസ്.