ചെമ്മീൻ പീലിംഗ് തൊഴിലാളി സമരം: വള്ളം നിറഞ്ഞിട്ടും വരുമാനമില്ല

Wednesday 22 February 2023 1:39 AM IST

കൊല്ലം: ദിവസങ്ങളോളം കടലിൽ തങ്ങി പിടികൂടുന്ന ടൺ കണക്കിന് ചെമ്മീൻ പീലിംഗ് തൊഴിലാളികളുടെ സമരം മൂലം ചീഞ്ഞുനാറുന്നു. ചെമ്മീനെടുക്കാൻ ഏജന്റുമാരും ഹാർബറുകളിൽ എത്താതായതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായി.

കൂലി വർദ്ധനവ് ആവശ്യപ്പെട്ട് മൂന്ന് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ 14നാണ് ആലപ്പുഴയിലെ പീലിംഗ് തൊഴിലാളികൾ സമരം ആരംഭിച്ചത്. ഇതിനിടെ രണ്ട് ട്രേഡ് യൂണിയനുകൾ പിന്മാറിയെങ്കിലും ഒരു യൂണിയൻ സമരം തുടരുകയാണ്. ഇവരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ സമരത്തിൽ നിന്ന് പിന്മാറിയ തൊഴിലാളികൾക്കും ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നില്ല.

കയറ്റുമതിക്ക് ആവശ്യമായ 90 ശതമാനം ചെമ്മീനും എത്തിക്കുന്നത് ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിലാണ്. ഹാർബറുകളിൽ നിന്ന് ഏജന്റുമാർ വാങ്ങുന്ന ചെമ്മീൻ ആലപ്പുഴയിലെ പീലിംഗ് ഷെഡുകളിലാണ് പൊളിച്ച് വൃത്തിയാക്കി കയറ്റുമതിക്ക് തയ്യാറാക്കുന്നത്.

അയ്യായിരത്തിലധികം തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്.

സംഭരണം മുടങ്ങിയതോടെ ചെമ്മീൻ കിട്ടുന്ന വിലയ്ക്ക് വിൽക്കുകയാണ് മത്സ്യത്തൊഴിലാളികൾ. ഇതോടെ എണ്ണക്കാശ് പോലും ഇവർക്ക് ലഭിക്കുന്നില്ല. വാങ്ങാൻ ആളില്ലാത്തതിനാൽ ടൺ കണക്കിന് ചെമ്മീൻ നശിപ്പിച്ച് കളയുന്ന അവസ്ഥയുമുണ്ട്.

കടലമ്മ നൽകിയത് കടലിലൊഴുക്കി

ഇരുന്നൂറ് നോട്ടിക്കൽ മൈൽ വരെ സഞ്ചരിച്ചാണ് ചെമ്മീൻ പിടികൂടുന്നത്. ഒരാഴ്ച വരെ ബോട്ടിൽ ഐസിട്ട് സൂക്ഷിക്കുന്ന ചെമ്മീൻ ഒരു ദിവസത്തിൽ കൂടുതൽ കരയിൽ സൂക്ഷിക്കാനാവില്ല. ആലപ്പുഴയിൽ നിന്ന് ഏജന്റുമാരെത്തിയാണ് ചെമ്മീൻ വാങ്ങിയിരുന്നത്. ഇവരെത്താതായതോടെ ചെമ്മീൻ കടലിൽ ഒഴുക്കി നശിപ്പിക്കുകയാണ്. സമരം നീളുന്നതിനാൽ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി.

സർക്കാർ അടിയന്തരമായി ഇടപെട്ട് പീലിംഗ് തൊഴിലാളി സമരത്തിന് പരിഹാരം കാണണം. സമരം ചെമ്മീൻ കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്.


പീറ്റർ മത്യാസ്, സംസ്ഥാന പ്രസിഡന്റ്

ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോ.

Advertisement
Advertisement