ഗ്രീൻഫീൽഡ് പാത; ത്രിമാന വിജ്ഞാപനം ഒരാഴ്ചക്കകം

Thursday 23 February 2023 12:32 AM IST

പാലക്കാട്: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ ജില്ലയിലെ സ്ഥലമെടുപ്പിന്റെ ഭാഗമായുള്ള ത്രിമാന വിജ്ഞാപനം ഒരാഴ്ചക്കകം പുറത്തിറങ്ങുമെന്ന് സ്ഥലമെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.

ജില്ലയിൽ പാലക്കാട്, മണ്ണാർക്കാട് എന്നിങ്ങനെ രണ്ട് താലൂക്കുകളിലായി മൂന്ന് വില്ലേജുകളിലെ അവസാന ഘട്ട ഫീൽഡ് സർവേ പുരോഗമിക്കുകയാണ്.

പൂർത്തിയായ സ്ഥലങ്ങൾ ഉൾപ്പെടുത്തി ത്രിമാന വിജ്ഞാപനം ഈ ആഴ്ച പ്രസിദ്ധീകരിക്കും. ഗ്രീൻഫീൽഡ് പാത ആദ്യ വിജ്ഞാപനത്തിന്റെ പിറകെ മൂന്ന് ഡെപ്യൂട്ടി കളക്ടർമാർക്കാണ് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നൽകിയിരുന്നത്. ആവശ്യത്തിന് സർവേയർമാർ സ്ഥലമെടുപ്പ് ഡ്യൂട്ടിക്ക് ആദ്യ ഘട്ടത്തിൽ ലഭ്യമായിരുന്നില്ല. ജനുവരി ആദ്യവാരത്തിൽ 12 സർവേയർമാരെയാണ് ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഫീൽഡ് സർവേയ്ക്ക് നിയമിച്ചത്.

ജില്ലയിൽ മരുത റോഡ് മുതൽ എടത്തനാട്ടുകര വരെ നീളുന്ന ഗ്രീൻഫീൽഡ് പാതയ്ക്ക് 61.440 കിലോമീറ്റർ ദൂരമുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് ആകെ 121 കിലോമീറ്ററാണ് നീളം. മൂന്ന് ജില്ലകളിലായി മൊത്തം 547 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

സർവേ ബാക്കിയുള്ള സ്ഥലങ്ങൾ മണ്ണാർക്കാട് താലൂക്കിലെ പൊറ്റശ്ശേരി, പാലക്കാട് താലൂക്കിലെ മലമ്പുഴ രണ്ട്, പാലക്കാട് രണ്ട് വില്ലേജുകളിലാണ് ഫീൽഡ് സർവേ പൂർത്തിയാക്കാനുള്ളത്.