ഖരമാലിന്യ പരിപാലനം: ആദ്യഘട്ടത്തിന് 7.27 കോടി

Thursday 23 February 2023 12:39 AM IST

പാലക്കാട്: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ 7.27 കോടിയുടെ പദ്ധതി വിഭാവനം ചെയ്തു. തദ്ദേശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോകബാങ്ക്, എ.ഐ.ഐ.ബി എന്നിവയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാദേശിക മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കുക, തൊഴിലവസരം സൃഷ്ടിക്കുക, മാലിന്യ പരിപാലനത്തിന് അത്യാധുനിക ഗതാഗത സംവിധാനം ഒരുക്കുക, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുന്നതിന് സാമൂഹ്യപെരുമാറ്റ ആശയ വിനിമയം ആവിഷ്കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

പാലക്കാട്, ഒറ്റപ്പാലം നഗരസഭകളിൽ പൈതൃക മാലിന്യം നീക്കം ചെയ്യുന്നതിന് ബയോമൈനിംഗ് പദ്ധതി നടപ്പാക്കും. പദ്ധതി പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, നഗരസഭാ ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേന എൻ.ജി.ഒ പ്രതിനിധികൾ, വിഷയ വിദഗ്‌ദ്ധർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി 'ശുചിത്വ നഗരം' എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചു. ബി.എസ്.എൻ.എൽ ഓഫീസിന്റെ രണ്ടാംനിലയിൽ പ്രവർത്തനമാരംഭിച്ച ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ ഡെപ്യൂട്ടി ജില്ലാ കോഓഡിനേറ്റർ, ഫിനാൻസ് എക്സ്‌പേർട്ട്, സോഷ്യൽ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്‌പേർട്ട്, എൻവിയോൺമെന്റ് എൻജിനീയർ, മോണിറ്ററിംഗ് ഇവാലുവേഷൻ എക്സ്‌പേർട്ട് എന്നിവരുടെ സേവനം ലഭിക്കും. ഇതിന് പുറമെ എല്ലാ നഗരസഭകളിലും ഒരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എൻജിനീയറെയും നിയമിച്ചിട്ടുണ്ട്.

ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം സബ് കളക്ടർ ഡി.ധർമ്മലശ്രീ നിർവഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ കെ.പി.വേലായുധൻ, ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ അഭിജിത്ത്, വിവിധ നഗരസഭാ പ്രതിനിധികൾ, ടെക്നിക്കൽ കൺസൾട്ടന്റ് എന്നിവർ പങ്കെടുത്തു.