കുരമ്പാല പുത്തൻകാവിൽ ഇന്ന് കോലങ്ങളിറങ്ങും

Thursday 23 February 2023 12:56 AM IST

പന്തളം : ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ കരക്കാർ കൂകിവിളിച്ച് കാവുണർത്തിയതോടെ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കളത്തിലേക്ക് ഇന്ന് കോലങ്ങളിറങ്ങും. കാവിൽ കുടികൊള്ളുന്ന പിശാചുക്കളെ വിളിച്ചുവരുത്താനെന്ന സങ്കൽപ്പത്തിലാണ് പത്തുദിവസം കരക്കാരുടെ കാവുണർത്തൽ നടന്നത്. ഇന്ന് പടയണി തുടങ്ങും. വെള്ളയും കരിയും തുടങ്ങി ഗണപതി, ഗണപതി പിശാച്, മറുത, വടിമാടൻ, തൊപ്പിമാടൻ, അരക്കിയെക്ഷി, പുള്ളിമാടൻ, പക്ഷി, ചെറ്റമാടൻ, സുന്ദരയക്ഷി, കാലയക്ഷി, കുതിര, അന്തരയക്ഷി, കാലൻ, ഭൈരവി ഉൾപ്പെടെ പതിനഞ്ചോളം കോലങ്ങൾ കളത്തിലെത്തും. 101 പാളയിൽ തീർക്കുന്ന ഭൈരവിക്കോലം കളത്തിൽ നിന്ന് തുള്ളി ഒഴിയുന്നതോടെയാണ് പടയണി സമാപിക്കുന്നത്.

ചൂട്ടുപിടിക്കാൻ നിയോഗം വിജയന്

പടയണിക്ക് ചൂട്ടുവയ്ക്കുന്ന നാൾ മുതൽ ചൂട്ടുകറ്റയുടെ പിന്നിലെ വെളിച്ചത്തിൽ തിളങ്ങുന്ന ഒരു മുഖമുണ്ട്. അച്ഛനപ്പൂപ്പന്മാർ കൈമാറിക്കൊടുത്ത പുണ്യം പേറുന്നത് കുരമ്പാല അയന്തിയിൽ ടി.കെ.വിജയനാണ്. വെളിച്ചപ്പാടും പരദേശിയും പടയണി വിനോദവും കോലങ്ങളും എത്തി പടയണി കൊഴുപ്പിക്കുമ്പോൾ ക്ഷേത്രത്തിന് മുമ്പിലെ കളത്തിൽ വിജയനെ കാണാം. ഏഴര നാഴിക ഇരുട്ടുമ്പോൾ കത്തിക്കുന്ന ചൂട്ട് ഇരുകൈകളിലും മാറിമാറി പിടിച്ച് പടയണി കോലങ്ങൾ തുള്ളി ഒഴിയുന്നത് വരെ ഒറ്റനിൽപ്പാണ്. അടവിയും പടയണിയും കഴിഞ്ഞ് ഭൈരവി കളത്തിൽ നിന്ന് തുള്ളി ഒഴിയുന്നതുവരെ ചൂട്ടുമായി പ്രകാശം പരത്തി വിജൻ കാവലുണ്ടാകും.
കത്തിനിൽക്കുന്ന ചൂട്ടിന്റെ വെളിച്ചത്തിൽ ദേവി കുടികൊള്ളുന്നുവെന്നും ഇവിടെയിരുന്ന് കളത്തിൽ നിറയുന്ന കോലങ്ങൾ കണ്ട് ആനന്ദിക്കുന്നുവെന്നുമാണ് വിശ്വാസം.
കുടുംബത്തിലെ കാരണവരായിരുന്ന അയന്തിയിൽ കുഞ്ഞുകുഞ്ഞിന്റെ കാലശേഷമാണ് മകൻ വിജയന് ചൂട്ടുകറ്റയേന്താനുള്ള നിയോഗം കൈവന്നത്.

അടവി മഹോത്സവം ഇന്ന് ആരംഭിക്കും

പത്തനംതിട്ട : കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിൽ അ‌ഞ്ച് വർഷത്തിൽ ഒരിക്കൽ നടക്കുന്ന അടവി മഹോത്സവം ഇന്ന് ആരംഭിക്കും. 13 ദിവസം ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ ചൂരൽ ഉരുളിച്ച വഴിപാട് മാർച്ച് 3നാണ്. ഇന്ന് രാത്രി 9ന് തപ്പുകാച്ചിക്കൊട്ട്, താവടി തുളളൽ, പന്നത്താവടി, പടയണിവിനോദം, വെളളയും കരിയും കോലം എന്നിവ നടക്കും. 24ന് ഗണപതിക്കോലം, ഗണപതിപി ശാച് കോലം, 25ന് ഗണപതിക്കോലം, മറുതാക്കോലം, 26ന് വടിമാടൻകോലം, തോപ്പിമാടൻകോലം, അരക്കിയക്ഷി കോലം, 27ന് പുളളിമാടൻകോലം, പക്ഷിക്കോലം, 28ന് ചെറ്റമാടൻ കോലം, സുന്ദരയക്ഷിക്കോലം, മാർച്ച് 1ന് 51പച്ചപ്പാളയിൽ തീർക്കുന്ന കാലയക്ഷിക്കോലം, 2ന് കുതിരതുളളൽ, അന്തരയക്ഷിക്കോലം, അടവി മഹോത്സവമായ 3ന് രാവിലെ 9മുതൽ തെങ്ങ്, പന,കവുക്, ചൂരൽ, മുള തുടങ്ങിയവ കളിപ്പിക്കൽ, രാത്രി 9ന് തപ്പുകാച്ചിക്കൊട്ട്, താവടിതുളളൽ, പന്നത്താവടി, പടയണി വിനോദം, ഭൈരവി,ശിതങ്കൻ തുളളൽ, രാത്രി 12 മുതൽ പനയടി, ഭസ്മം കൊടുക്കൽ, കൊട്ടുംചാറ്റും, അടവിവിളി, ചൂരൽ ഉരുളിച്ച, 5ന് നായാട്ടും പടയും, 6ന് കാലൻകോലം, സമാപന ദിനമായ 13ന് 101 പാളയിൽ തീർക്കുന്ന ഭൈരവികോലം തുള്ളൽ, തുളളി ഒഴിപ്പിക്കൽ എന്നിവയോടുകൂടി അടവി ഉത്സവം സമാപിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പി.ഗോപിനാഥക്കുറുപ്പ്, ജോയിന്റ് സെക്രട്ടറി വിനോദ് കുമാർ എൻ.ജി, പബ്ലിസിറ്റി കൺവീനർ ജി. വിജയകുമാർ, കമ്മിറ്റിയംഗം ജീ.ദീപു എന്നിവർ പറഞ്ഞു.

Advertisement
Advertisement