ഫ്രഷ് ടു ഹോമിൽ ₹862 കോടി നിക്ഷേപം

Thursday 23 February 2023 3:51 AM IST

 നിക്ഷേപം നടത്തിയത് ആമസോൺ അടക്കമുള്ള വൻകിട കമ്പനികൾ

കൊച്ചി: രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വില്പന പ്ളാറ്റ്‌ഫോമും മലയാളി സംരംഭവുമായ ഫ്രഷ് ടു ഹോമിൽ അമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഉൾപ്പെടെ പ്രമുഖ കമ്പനികൾ 104 മില്യൺ ഡോളർ (862 കോടി രൂപ) നിക്ഷേപിച്ചു.

സീരീസ് ഡി (നാലാം റൗണ്ട്) ഫണ്ടിംഗിൽ ആമസോണിന് പുറമേ അയൺ പില്ലർ, ഇൻവെസ്റ്റ്കോർപ്പ്, ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഒഫ് ദുബായ്, അസറ്റ് കാപിറ്റൽ, ഇ20 ഇൻവെസ്റ്റ്മെന്റ്, മൗണ്ട് ജൂഡി വെഞ്ച്വേഴ്സ്, ദല്ലാഹ് അൽ ബറാക്ക എന്നിവയാണ് നിക്ഷേപിച്ചതെന്ന് ഫ്രഷ് ടു ഹോം സി.ഒ.ഒ മാത്യു ജോസഫും കേരള ചീഫ് അജിത് നായരും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോകത്ത് സമ്പദ്‌ഞെരുക്കം ശക്തമാകുകയും ഒട്ടേറെ കമ്പനികളുടെ മൂല്യം ഇടിയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അമസോൺ ഉൾപ്പെടെ വൻ ഫണ്ടിംഗ് ഫ്രഷ് ടു ഹോമിൽ നടത്തിയതെന്നത് വലിയ നേട്ടമാണെന്നും അവർ പറഞ്ഞു. ഒരു മലയാളി സംരംഭത്തിൽ ആമസോണിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. സീരീസ് സി (മൂന്നാം റൗണ്ട്) ഫണ്ടിംഗിലൂടെ 2020ൽ അമേരിക്കൻ സർക്കാരിന്റെ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (ഡി.എഫ്.സി) നിന്നുൾപ്പെടെ 121 മില്യൺ ഡോളർ (860 കോടി രൂപ) നിക്ഷേപവും ഫ്രഷ് ടു ഹോം നേടിയിരുന്നു. ഗൂഗിൾ, മൈക്രോസോഫ്‌റ്ര്, ഫേസ്ബുക്ക് തുടങ്ങിയവയും നേരത്തേ ഫ്രഷ് ടു ഹോമിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

വൻ ലക്ഷ്യങ്ങൾ

മലയാളികളായ മാത്യു ജോസഫ്, ഷാൻ കടവിൽ എന്നിവർ ചേർന്ന് 2015ലാണ് ഫ്രഷ് ടു ഹോമിന് തുടക്കമിട്ടത്. മായം കലരാത്ത മത്സ്യ, മാംസ ഉത്‌പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിയതോടെ കമ്പനി വൻ ശ്രദ്ധയും സ്വന്തമാക്കി.

കഴിഞ്ഞവർഷം (2021-22) 1,100 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. ഈവർഷം ഇത് മറികടക്കും. പുതിയ നിക്ഷേപം ലഭിച്ചതോടെ വൻ വികസനപദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്‌തിട്ടുള്ളത്.

ഇനി ഖത്തറും സൗദിയും

നിലവിൽ ഇന്ത്യയിലും യു.എ.ഇയിലുമായി 160ലേറെ നഗരങ്ങളിൽ ഫ്രഷ് ടു ഹോമിന് സാന്നിദ്ധ്യമുണ്ട്. മൂന്നുമാസത്തിനകം ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിൽ 43 നഗരങ്ങളിലാണ് സാന്നിദ്ധ്യം. കേരളത്തിൽ രണ്ടുൾപ്പെടെ ഇന്ത്യയിൽ ഏഴും യു.എ.ഇയിൽ ഒന്നും ഫാക്‌ടറിയുണ്ട്. കൊൽക്കത്തയിലും വൈകാതെ ഫാക്‌ടറി തുറക്കും. 35 ലക്ഷത്തിലേറെയാണ് ഉപഭോക്താക്കൾ. 17,000ഓളം പേർക്ക് തൊഴിലും നൽകുന്നു.

സീഫുഡ് കയറ്റുമതിയും

കേരളത്തിൽ നിന്ന് സമുദ്രോത്‌പന്നങ്ങളുടെ കയറ്റുമതിയും ഫ്രഷ് ടു ഹോം ഉന്നമിടുന്നു. 3-4 മാസത്തിനകം തുടക്കമാകും. അമേരിക്കയും യൂറോപ്പുമായിരിക്കും മുഖ്യവിപണികൾ.

ഐ.പി.ഒ വൈകില്ല

പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിലേക്ക് ചുവടുവയ്ക്കുകയെന്ന വലിയ ലക്ഷ്യവും കമ്പനിക്കുണ്ട്. രണ്ടുവർഷത്തിനകം ഇത് സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ.

എഫ്.ടി.എച്ചിലൂടെ ഇനി

സ്വന്തം ബ്രാൻഡും

ഫ്രഷ് ടു ഹോമിന് പുറമേ പാൽ, പാലുത്‌പന്നങ്ങൾ, പഴം, ധാന്യങ്ങൾ, പച്ചക്കറി തുടങ്ങിയവ ലഭിക്കുന്ന എഫ്.ടി.എച്ച് പ്ലാറ്റ്‌ഫോം കമ്പനിക്ക് ബംഗളൂരുവിലുണ്ട്. വൈകാതെ എഫ്.ടി.എച്ച് കേരളത്തിലും സാന്നിദ്ധ്യമറിയിക്കും. എഫ്.ടി.എച്ചിലൂടെ സ്വന്തം ബ്രാൻഡ് ഉത്‌പന്നങ്ങളും കമ്പനി പുറത്തിറക്കും.