യുവമോർച്ച മാർച്ചിൽ സംഘർഷം, ജലപീരങ്കി കിരാതമായ പൊലീസ് മുറ: മുഖ്യമന്ത്രി മറുപടി പറയണമെന്ന് അഡ്വ.വി.കെ.സജീവൻ 

Thursday 23 February 2023 12:19 AM IST
യുവമോർച്ച കോഴിക്കോട് ജില്ലാകമ്മിറ്റി കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

കോഴിക്കോട്: യുവമോർച്ചയുടെ നേതൃത്വത്തിൽ പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ ബഹുജനമാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം വൈഷ്ണവേഷിനെ മർദ്ദിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യരീതിയിൽ പ്രതിഷേധിച്ച വൈഷ്ണവേഷിനു നേരെ കിരാതമായ മർദ്ദനമുറ പ്രയോഗിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ആവശ്യപ്പെട്ടു.

വൈഷ്ണവേഷിന്റെ തലച്ചോറിന് ക്ഷതമേൽപിച്ച് മരണത്തിലേക്ക് നയിക്കുന്ന തരത്തിലാണ് പൊലീസുദ്യോഗസ്ഥൻ പ്രത്യേക ആക്‌ഷനിൽ ഇടിച്ചത്. അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ നടന്നിട്ടുളളത്. കോടതിയിൽ ഹാജരാക്കിയപ്പോൾ സ്ഥിരം കുറ്റവാളിയെന്ന് വരുത്തിത്തീർക്കാൻ റിപ്പോർട്ട് നൽകി. മജിസ്‌ട്രേറ്റ് ചേംബറിൽ രണ്ടാം തവണ ഹാജരാക്കുമ്പോൾ കാപ്പ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുത്ത് മൊഴി നൽകാൻ പ്രേരിപ്പിച്ചു. അതും കൂടാതെ ഐ.പി.സി 332 വകുപ്പ് ചേർത്ത് ജാമ്യം നിഷേധിക്കാൻ എല്ലാ കുതന്ത്രങ്ങളും നോക്കി. ജാമ്യം ലഭിച്ച വൈഷ്ണവേഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരു രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്ത യുവമോർച്ച ജില്ലാകമ്മിറ്റിയംഗത്തിനോട് വ്യക്തിപരമായി കാണിച്ച ഇത്തരം ക്രൂരത അംഗീകരിക്കാനാവില്ല. കേന്ദ്രവിഹിതം തരാതെ കേരളത്തെ ഞെരുക്കുന്നു എന്ന് കളവ് പറഞ്ഞ് എല്ലാറ്റിനും നികുതി കൂട്ടി ജനങ്ങളെ കൊളളയടിക്കാനുളള ബഡ്ജറ്റിലെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും സജീവൻ കൂട്ടിച്ചേർത്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യാ ഹരിദാസ്, ബി.ജെ.പി.ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, സി.പി.സതീഷ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി മിഥുൻ മോഹൻ എന്നിവർ പ്രസംഗിച്ചു. ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, സെൽ കോഡിനേറ്റർ ടി. ചക്രായുധൻ, യുവമോർച്ചാ നേതാക്കളായ ഹരിപ്രസാദ് രാജ, രാഗേഷ് പാപ്പി, വിഷ്ണു പയ്യാനക്കൽ, പ്രവീൺ ശങ്കർ, യദുരാജ് കുന്ദമംഗലം, അതുൽ കൊയിലാണ്ടി, സബിൻ ലാൽ, വിസ്മയ പിലാശ്ശേരി, നയന ശിവദാസ്, എന്നിവർ നേതൃത്വം നൽകി.