സ്കൂളുകളിൽ ഇനി കായിക പാഠപുസ്തകവും

Thursday 23 February 2023 2:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അദ്ധ്യയന വർഷം മുതൽ സ്‌കൂളുകളിൽ കായിക പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. അച്ചടി പൂർത്തിയായ ഇവ വിതരണത്തിന് തയാറാവുകയാണ്. കൈപ്പുസ്തകം ആദ്യം പ്രീപ്രൈമറി തലത്തിൽ നൽകുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കായിക പാഠപുസ്തകങ്ങൾ പരിശീലിപ്പിക്കാൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ 1400 റിസോഴ്സ് പേഴ്സൺമാരേയും സ്‌കൂളുകളിൽ നിയമിക്കും.

പാഠപുസ്തകത്തിലെ തിയറി അദ്ധ്യാപകർ ക്ലാസിൽ പഠിപ്പിക്കും. പ്രാക്ടിക്കലായി ചെയ്ത് കാണിക്കുന്നതിനാണ് റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നത്. ഫിസിക്കൽ ട്രെയിനർമാരുള്ള സ്‌കൂളുകളിൽ ഇവരുണ്ടാകില്ല. റിസോഴ്സ് പേഴ്സൺമാരെ നിയമിക്കുന്നതിനായി രണ്ടായിരത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിവരും. നിലവിലെ അവസ്ഥയിൽ അത് സാദ്ധ്യമല്ലാത്തതിനാലാണ് പ്രൈമറി തലത്തിൽ റിസോഴ്സ് പേഴ്സൺമാരെ വച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രകടനം നടത്തിയ കായിക താരങ്ങളെയാണ് റിസോഴ്സ് പേഴ്സൺമാരായി തിരഞ്ഞെടുക്കുക. ഇവരെ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ പരിശീലകർ പരിശീലിപ്പിക്കും.