കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും പ്രിയതാരം: മന്ത്രി പി. രാജീവ്
Thursday 23 February 2023 12:05 AM IST
കളമശേരി: ടെലിവിഷൻ, മിമിക്രി രംഗത്ത് മികച്ചുനിന്ന സുബി സുരേഷ് കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും പ്രിയപ്പെട്ടതാരമായിരുന്നെന്ന് മന്ത്രി പി. രാജീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.പരിമിത സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ അവരുടെ പോരാട്ടവീര്യം ആദരവോടെതന്നെ അംഗീകരിക്കപ്പെടണം. എല്ലാ പ്രായക്കാരുമായും പെട്ടെന്ന് ഇണങ്ങാനും അവരിൽ പോസിറ്റീവ് എനർജി പകരാനും സുബി സുരേഷിന് കഴിഞ്ഞിരുന്നു. ഊർജവും പ്രസരിപ്പും നിറഞ്ഞ ആ അവതരണം ഒരിക്കലെങ്കിലും കണ്ട മലയാളികൾ അവരെ ഓർക്കുകതന്നെ ചെയ്യും. ബന്ധുമിത്രാദികളുടെയും സിനിമാ-ടെലിവിഷൻ ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.