രണ്ടെണ്ണം കിട്ടി,അഞ്ചെണ്ണം കൊടുത്തു റയൽ ഡിന്നറിന് ലിവർ ഫ്രൈ

Wednesday 22 February 2023 11:08 PM IST

ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡ് 5-2ന് ലിവർപൂളിനെ തകർത്തു

ലിവർപൂൾ ദാരുണ തോൽവിയേറ്റുവാങ്ങിയത് രണ്ട് ഗോളിന് മുന്നിൽ നിന്ന ശേഷം

ലണ്ടൻ : രണ്ട് ഗോളടിച്ച് മുന്നിട്ടുനിന്ന ലിവർപൂളിന് ഒന്നിന് പിന്നാലെ ഒന്നായി അഞ്ചെണ്ണം തിരികെക്കൊടുത്ത് റയൽ മാഡ്രിഡിന്റെ തേരോട്ടം. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാർട്ടറിൽ ലിവർപൂളിന്റെ ഹോംഗ്രൗണ്ടിൽചെന്ന് രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് റയൽ വിജയം നേടിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ തകർത്താണ് റയൽ കിരീടം നേടിയിരുന്നത്.

കഴിഞ്ഞ ഫൈനൽ തോൽവിക്ക് സ്വന്തം തട്ടകത്തിൽ പക തീർക്കാനിറങ്ങിയ ലിവർപൂൾ 14 മിനിട്ടിനുള്ളിൽ രണ്ടുഗോളുകൾ നേടിയപ്പോൾ റയലിന്റെ കഥ കഴിഞ്ഞെന്നുതോന്നിയിരുന്നു. എന്നാൽ കളി ഇനി വരാനിരിക്കുന്നതേയുളളൂ എന്ന മട്ടിൽ റയൽ ഉയിർത്തെണീറ്റതോടെ ആദ്യ പകുതിയിൽ സ്കോർ സമനിലയാവുകയും രണ്ടാം പകുതിയിൽ മൂന്നുഗോളുകൾകൂടി ഏറ്റുവാങ്ങി ലിവറിന്റെ ചങ്ക് കലങ്ങുകയും ചെയ്തു. നാലാം മിനിട്ടിൽ ഡാർവിൻ ന്യൂനസും 14-ാം മിനിട്ടിൽ മുഹമ്മദ് സലായും നേടിയ ഗോളുകൾക്കാണ് ലിവർപൂൾ മുന്നിലെത്തിയിരുന്നു. ഇരട്ട ഗോളുകൾ നേടിയ വിനീഷ്യസ് ജൂനിയറും കരിം ബെൻസേമയും ഒരു ഗോളടിച്ച എദർ മിലിറ്റാവോയും ചേർന്നാണ് റയലിന് വമ്പൻ വിജയമൊരുക്കിയത്. 21,36 മിനിട്ടുകളിലായിരുന്നു വിനീഷ്യസിന്റെ ഗോളുകൾ. മിലിറ്റാവോ 47-ാം മിനിട്ടിൽ വലകുലുക്കിയപ്പോൾ ബെൻസേമ 55,67 മിനിട്ടുകളിൽ സ്കോർ ചെയ്തു.

ലിവർപൂളിന് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ മാർച്ച് 16ന് മാഡ്രിഡിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഇതിലും മികച്ച ഗോൾ മാർജിനിൽ വിജയിച്ചേ മതിയാകൂ.

കഴിഞ്ഞ രാത്രി നടന്ന മറ്റൊരു ആദ്യപാദ പ്രീ ക്വാർട്ടറിൽ ഇറ്റാലിയൻ ക്ളബ് നാപ്പോളി എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ജർമ്മൻ ക്ളബ് എയ്ൻട്രാൻക്ട് ഫ്രാങ്ക്ഫർട്ടിനെ കീഴടക്കി. ഫ്രാങ്ക്ഫർട്ടിൽ നടന്ന മത്സരത്തിന്റെ 40-ാംമിനിട്ടിൽ വിക്ടർ ഒസിമെനും 65-ാം മിനിട്ടിൽ ജിയോവന്നി ഡി ലോറെൻസോയുമാണ് നാപ്പോളിക്ക് വേണ്ടി ഗോളുകൾ നേടിയത്. 58-ാം മിനിട്ടിൽ കോലോ മുവാനിയെ ചുവപ്പുകാർഡ് നഷ്ടമായതിനാൽ 10 പേരുമായാണ് എയ്ൻട്രാൻക്ട് മത്സരം പൂർത്തിയാക്കിയത്.

ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നശേഷം മൂന്നുഗോൾ മാർജിനിൽ വിജയിക്കുന്ന ആദ്യ ടീമാണ് റയൽ മാഡ്രിഡ്.

ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ ഒരു യൂറോപ്യൻ മത്സരത്തിൽ ആദ്യമായാണ് ലിവർപൂളിന് അഞ്ചുഗോൾ വഴങ്ങേണ്ടിവരുന്നത്.

ആൻഫീൽഡിലെ ഇംഗ്ളീഷ് ലീഗ് മത്സരങ്ങളിൽ 2007ൽ ആഴ്സനൽ 6-3ന് ലിവർപൂളിനെ തോൽപ്പിക്കുകയും 2019ൽ 5-5ന് സമനില പിടിക്കുകയും ചെയ്തിട്ടുണ്ട്.

ഗോളുകൾ വന്ന വഴി

റയൽ മാഡ്രിഡ് 5- ലിവർപൂൾ 2

0-1

4-ാം മിനിട്ട്

ഡാർവിൻ ന്യൂനസ്

സലായു‌ടെ അസിസ്റ്റിൽ നിന്ന് ബാക്ക്ഹീൽ ഷോട്ടിലൂടെ ന്യൂനസ് പന്ത് വലയ്ക്കുള്ളിലാക്കുന്നു.

0-2

14-ാം മിനിട്ട്

മുഹമ്മദ് സലാ

കർവഹായൽ റയൽ ഗോളി കുർട്ടോയ്ക്ക് നൽകിയ ബാക്ക് പാസ് പടിച്ചെടുത്തായിരുന്നു സലായുടെ നിറയൊഴിക്കൽ.

1-2

21-ാം മിനിട്ട്

വിനീഷ്യസ് ജൂനിയർ

കരിം ബെൻസേമയുമായി ചേർന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിൽ കിട്ടിയ പന്ത് വിനീഷ്യസ് വലയിലേക്ക് പായിക്കുന്നു.

2-2

36-ാം മിനിട്ട്

വിനീഷ്യസ് ജൂനിയർ

ലിവർപൂൾ ഗോളി ആലിസന്റെ പിഴവിൽ നിന്ന് കിട്ടിയ പന്താണ് വിനീഷ്യസ് സമനില ഗോളാക്കി മാറ്റിയത്.

3-2

47-ാം മിനിട്ട്

എദെർ മിലിറ്റാവോ

ലൂക്കാ മൊഡ്രിച്ച് തൊടുത്ത ഒരു ഫ്രീകിക്കിൽ നിന്നാണ് മിലിറ്റാവോ റയലിന് ലീഡ് നൽകിയത്.

4-2

55-ാം മിനിട്ട്

കരിം ബെൻസേമ

കർവഹായലിൽ നിന്ന് കിട്ടിയ പന്ത് റോഡ്രിഗോ ബെൻസേമയ്ക്ക് നൽകിയതാണ് റയലിന്റെ നാലാം ഗോളിൽ കലാശിച്ചത്.

5-2

67-ാം മിനിട്ട്

കരിം ബെൻസേമ

ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് വിനീഷ്യസ് നൽകിയ പാസ് വലയിലെത്തിച്ച് ബെൻസേമ റയലിന്റെ പട്ടിക പൂർത്തിയാക്കി.