വിടപറഞ്ഞത് കൊച്ചിയുടെ കലാകാരി
കൊച്ചി: വിടപറഞ്ഞത് കൊച്ചിയുടെ സ്വന്തം ഹാസ്യ താരം. എപ്പോഴും സന്തോഷത്തോടെ കളിചിരികൾ പറഞ്ഞ് പ്രേക്ഷകരെയും കൂടെ നിൽക്കുന്നവരെയും കുടുകുടെ ചിരിപ്പിക്കുന്ന സുബി ഇനി ഓർമ്മകളിൽ മാത്രം. പ്രസന്നമായ ആ മുഖത്തിന്റെയും ആകർഷകമായ ചിരിയുടെയും പിന്നിൽ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും ഉപ്പുരസമുണ്ടായിരുന്നെന്നത് അടുപ്പക്കാർക്ക് മാത്രം അറിയാമായിരുന്ന രഹസ്യമായിരുന്നു.
തൃപ്പൂണിത്തുറ പുതിയ കാവിൽ വളർന്ന് ആറാം വയസിൽ കലാഭവനിലെത്തിയതോടെയാണ് സുബിയുടെ ജീവിതം മാറിമറിയുന്നത്. അച്ഛന് സംഭവിച്ച അപകടത്തെ തുടർന്ന് സാമ്പത്തികമായി തകർന്നിരുന്നു സുബിയുടെ കുടുംബം. നാളുകളോളം ആശുപത്രിയിൽ അച്ഛനൊപ്പം അമ്മ നിന്നപ്പോഴാണ് താൻസ്വയം പര്യാപ്തതയായതെന്ന് സുബി ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സ്കൂളിൽ ഫീസ് നൽകാനില്ലാതെ വന്നതോടെ എറണാകുളം ഗവ. ഗേൾസ് സ്കൂളിലേക്ക് സുബി മാറി. സെന്റ് തെരേസാസ് കോളേജിലായിരുന്നു ബിരുദപഠനം.
18-ാംവയസിൽ അമ്മയ്ക്കും സഹോദരനുമൊപ്പം എറണാകുളത്തേക്ക് താമസം മാറിയ സുബി കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കലാഭവനിൽ വച്ച് വലിയ സുഹൃത് ബന്ധം തന്നെ സുബിയ്ക്കുണ്ടായി. എല്ലാവരോടും കളിചിരികൾ പറഞ്ഞ് സന്തോഷിപ്പിച്ച് നടക്കുന്ന സുബിയുടെ വിയോഗം സിനിമ, ടെലിവിഷൻ മേഖലയിലുള്ളവരിൽ ഞെട്ടലാണ് സൃഷ്ടിച്ചത്. തന്റെ കലാജീവിതത്തിൽ എന്നും സത്യസന്ധത പുലർത്തിയ വ്യക്തിയായിരുന്നു സുബി, ലൊക്കേഷനുകളിലും റിഹേഴ്സലിനും പറഞ്ഞതിലും 10 മിനിറ്റ് മുമ്പെങ്കിലും സുബി എത്തും. സുബിയുടെ യുട്യൂബ് വിഡിയോകളെല്ലാം ഹിറ്റായിരുന്നു. ട്രാവൽ വീഡിയോകളായിരുന്നു അധികവും.
• ജനപ്രിയതാരം
സുബി സുരേഷിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. സ്ത്രീ സാന്നിധ്യം അധികമില്ലാതിരുന്ന കാലത്ത് കോമഡി പരിപാടികളിലെ ജനപ്രിയ താരമായാണ് സുബി സുരേഷ് കലാരംഗത്ത് സജീവമായത്. സിനിമാല എന്ന ടെലിവിഷൻ ഹാസ്യ പരിപാടി സുബി എന്ന കലാകാരിയെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാക്കി. അപ്രതീക്ഷിത വിയോഗം കലാരംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്.