ഇന്ത്യയ്ക്ക് ഇന്ന് സെമിഫൈനൽ

Wednesday 22 February 2023 11:12 PM IST

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിതാ ട്വന്റി ട്വന്റി ലോകകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും.

രണ്ടാം ഗ്രൂപ്പിലെ നാലുമത്സരങ്ങളിൽ മൂന്നിലും ജയിച്ച് ഇംഗ്ളണ്ടിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്.

ആദ്യ മത്സരത്തിൽ പാകിസ്ഥാനെയും രണ്ടാം മത്സരത്തിൽ വിൻഡീസിനെയും കീഴടക്കിയ ഇന്ത്യ ഇംഗ്ളണ്ടിനോട് തോറ്റശേഷം അയർലാൻഡിനെതിരെ ജയിച്ചാണ് സെമിയിലെത്തിയത്.

ഒന്നാം ഗ്രൂപ്പിലെ നാലുകളികളും ജയിച്ചാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്.

സ്മൃതി മന്ദാന,ഹർമൻപ്രീത് കൗർ,ജെമീമ റോഡ്രിഗസ്,റിച്ച ഘോഷ്,ഷെഫാലി വെർമ്മ തുടങ്ങിയവരുടെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.

കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പിന്റെ ഫൈനലിലും കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും ഇന്ത്യയെ ഓസ്ട്രേലിയ തോൽപ്പിച്ചിരുന്നു.

നാളെ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും.

6.30pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്