കെ.പി.സി.സി അന്ത്യശാസന ഫലിച്ചില്ല, പുനഃസംഘടന പട്ടിക ആലപ്പുഴ മാത്രം

Thursday 23 February 2023 12:23 AM IST

തിരുവനന്തപുരം: ഈ മാസം പതിനെട്ടിനകം ബ്ലോക്ക്, ഡി.സി.സി തല പുനഃസംഘടനാ പട്ടിക ജില്ലകൾ കൈമാറണമെന്ന കെ.പി.സി.സിയുടെ അന്ത്യശാസന ഫലിച്ചില്ല. ആലപ്പുഴ ജില്ല മാത്രമാണ് പട്ടിക നൽകിയത്. ഇതോടെ എ.ഐ.സി.സി പ്ലീനറിസമ്മേളനത്തിന് മുമ്പ് പുനഃസംഘടനയുടെ പ്രാരംഭനടപടികളിലേക്ക് കടക്കാനുള്ള ശ്രമം പാളി. ജില്ലാതല പുനഃസംഘടനാസമിതികൾ യോഗം ചേർന്ന് പട്ടിക തയാറാക്കുന്നത് ഇനി പ്ലീനറിസമ്മേളനത്തിന് ശേഷമേ നടക്കൂ. ഇതോടെ, പുനഃസംഘടന നീളുമെന്നുറപ്പായി.

ഡി.സി.സി തലം വരെയുള്ള പുനഃസംഘടന ഈ മാസം നാലിനകം പൂർത്തീകരിക്കാനായിരുന്നു ആദ്യനീക്കം. മാനദണ്ഡങ്ങളിൽ അടിക്കടി കെ.പി.സി.സി മാറ്റം വരുത്തിയതും ഭാരവാഹിത്വത്തിനായുള്ള പ്രവർത്തകരുടെ സമ്മർദ്ദവും കാരണം ചർച്ചകൾ മുന്നോട്ട് നീങ്ങിയില്ല. റായ്പൂർ പ്ലീനറി സമ്മേളനത്തിന് ശേഷം ചർച്ച തുടരാമെന്ന ധാരണയിൽ ജില്ലാ നേതൃത്വങ്ങൾ എത്തി. ഇക്കാര്യം വാർത്തയായതോടെ, 18നകം പാനൽ സമർപ്പിക്കാൻ ഡി.സി.സികൾക്ക് കെ.പി.സി.സി കർശന നിർദ്ദേശം നൽകുകയായിരുന്നു.

എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന് പോകുമ്പോൾ കരട് പട്ടികയുമായി ചെന്ന് അംഗീകാരം നേടാൻ വേണ്ടിയാണ് 18നകം പട്ടിക കൈമാറാൻ കെ.പി.സി.സി അന്ത്യശാസനം നൽകിയത്. മിക്ക ജില്ലകളിലും സ്ഥാനമോഹികളുടെ തള്ളിക്കയറ്റം കാരണം തർക്കം തുടരുകയാണ്. പത്തനംതിട്ടയിൽ പരസ്യ വിഴുപ്പലക്കൽ വരെയായി. ഡി.സി.സി ഭാരവാഹിത്വത്തിനും ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷപദത്തിനുമായി രംഗത്തുള്ളവർ ഏറെയാണ്. മുതിർന്ന നേതാക്കൾ ഇഷ്ടക്കാർക്കായി സമ്മർദ്ദം ചെലുത്തുന്നുമുണ്ട്. ഇതെല്ലാം പുനഃസംഘടനാസമിതികൾക്ക് തലവേദനയായി.

നേതാക്കൾ എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിനായി ഇന്ന് റായ്പൂരിലേക്ക് പോകുകയാണ്. മടങ്ങിവന്നശേഷമേ വിഷയം പരിഗണിക്കൂ.