എ.ഐ.സി.സി കരട് പ്രമേയം: മതേതര, ജനാധിപത്യ ഐക്യത്തിന് കോൺഗ്രസ് മുൻകൈയെടുക്കണം

Thursday 23 February 2023 12:24 AM IST

തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിന് മതേതര, ജനാധിപത്യ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കണമെന്ന് റായ്പൂരിൽ നാളെ തുടങ്ങുന്ന എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തിൽ നിർദ്ദേശം.

എന്ത് വില കൊടുത്തും ,നിലവിലെ ഫാസിസ്റ്റ് ഭരണകൂടത്തെ അധികാരത്തിൽ നിന്ന് താഴെയിറക്കണം.. ഉടൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിരുദ്ധ ശക്തികളുടെ പിന്തുണ സാദ്ധ്യമായിടത്തോളം സമാഹരിക്കണം. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉയർത്തിയ പ്രതീക്ഷകൾ നിലനിറുത്താനാവശ്യമായ ഗൗരവതരമായ ഇടപെടലുകളുണ്ടാവണമെന്നും പ്രമേയത്തിൽ പറയുന്നു.

ഭക്ഷ്യ സുരക്ഷ,

സ്റ്റാറ്റ്യുട്ടറി പെൻഷൻ

യു.പി.എ സർക്കാർ നടപ്പാലാക്കിയ ഭക്ഷ്യസുരക്ഷാ നിയമം ഇന്ന് അവതാളത്തിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികൾ കോൺഗ്രസ് ഏറ്റെടുക്കണം. ദാരിദ്ര നിർമാർജന നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ വേണം. സ്റ്റാറ്റ്യുട്ടറി പെൻഷൻ പുന:സ്ഥാപിക്കണം.

പുതുതലമുറയെ

ആകർഷിക്കണം

രാജ്യത്തിന്റെ ഭാവി പുതുതലമുറയിലായതിനാൽ അവരെ പാർട്ടിയിലേക്കാകർഷിക്കാൻ ഗൗരവതരമായ ഇടപെടലുകളുണ്ടാവണം. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു എന്നിവ പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തണം.

യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും തൊഴിലാളികളും കർഷകരുമടക്കമുള്ള ജന വിഭാഗങ്ങൾ കേന്ദ്രസർക്കാരിന്റെ പോക്കിൽ നിരാശരാണ്.. അതിർത്തിയിൽ ചൈനയും പാകിസ്ഥാനുമുയർത്തുന്ന ഭീഷണികളെ ഗൗരവമായെടുക്കണമെന്നും നിർദ്ദേശമുണ്ട്. എം. വീരപ്പ മൊയ്ലി അദ്ധ്യക്ഷനായ

രാഷ്ട്രീയ പ്രമേയ ഉപസമിതിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവരാണ് അംഗങ്ങൾ.