ആർ.എസ്.എസുമായി ചർച്ച നടത്തിയത് സമാധാനത്തിനുവേണ്ടി: എം.വി. ഗോവിന്ദൻ

Thursday 23 February 2023 12:27 AM IST

തളിപ്പറമ്പ്: ആർ.എസ്.എസുമായി സി.പി.എം ചർച്ച നടത്തിയത് കണ്ണൂരിലെ കൊലപാതക പരമ്പരകൾ അവസാനിപ്പിച്ച് സമാധാനം നിലനിറുത്താനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ആർ.എസ്.എസുമായി ഒരിക്കലും സി.പി.എം രഹസ്യ ചർച്ച നടത്തിയിട്ടില്ല. ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുക യിരുന്നു അദ്ദേഹം.

കണ്ണൂരിൽ സമാധാനം നില നിറുത്താൻ സർവകക്ഷി യോഗം ചേർന്നിരുന്നു. ഈ യോഗ തീരുമാനത്തിന്റെ ഭാഗമായാണ് ചർച്ച നടത്തിയത്. അത് രഹസ്യ ചർച്ചയല്ല. പിന്നീട് കണ്ണൂരിൽ കൊലപാതക പരമ്പരകൾ നടന്നില്ലെന്നത് ഈ ചർച്ചയുടെ ഫലമാണെന്നും ഗോവിന്ദൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുമായി ആർ.എസ്.എസ് നടത്തിയ ചർച്ചയെ ലളിതവത്കരിക്കാനാണ് കോൺഗ്രസും മുസ്ലിംലീഗും ശ്രമിക്കുന്നത്. ഇവർ നടത്തുന്ന വർഗീയ നിലപാടിനെതിരെ ഒരക്ഷരവും മിണ്ടാൻ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.