നടി കേസ്: പൾസർ സുനിയെ വിചാരണ വേളയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിന്റെ വിചാരണ വേളയിൽ ഒന്നാം പ്രതി പൾസർ സുനിയെ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നുണ്ടെന്ന് വിചാരണക്കോടതി ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എറണാകുളം സബ് ജയിലിൽ കഴിയുന്ന സുനിയെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നിലവിൽ ഹാജരാക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.
വിചാരണ സമയത്ത് സുനിയെ കോടതിയിൽ ഹാജരാക്കിയാൽ സാക്ഷി വിസ്താരത്തിലടക്കം ഇയാളുടെ വിശദീകരണം ഉടൻ തേടാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനും കഴിയുമെന്ന് സുനിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈയാവശ്യം ഉന്നയിച്ച് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും വ്യക്തമാക്കി. സുനിയെ നേരിട്ട് ഹാജരാക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.