ഫ്ളോട്ടിംഗ് കാറ്റാടിപ്പാടം വിഴിഞ്ഞം കടൽ തരും കറണ്ട്

Thursday 23 February 2023 12:34 AM IST

തിരുവനന്തപുരം: കടലിൽ കാറ്റാടിപ്പാടമൊരുക്കി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി രാജ്യത്ത് ആദ്യമായി വിഴിഞ്ഞത്ത് നടപ്പാക്കുന്നു. തീരത്തുനിന്ന് അധികം ദൂരത്തല്ലാതെയാവും പൊന്തിക്കിടക്കുന്ന പാടങ്ങൾ. തുറമുഖ തീരത്ത് വൈദ്യുതി നിലയം സ്ഥാപിച്ച് കടലിനടിയിലൂടെ കേബിൾ ബന്ധിക്കും. 400 കിലോവാട്ടാണ് ആദ്യ ലക്ഷ്യം. വിജയിച്ചാൽ വ്യാപിപ്പിക്കും.

നോർവീജിയൻ കമ്പനിയായ വേൾഡ് വൈഡ് വിൻഡുമായി ചേർന്ന് അനർട്ടാണ് നടപ്പാക്കുന്നത്. കേന്ദ്ര പുനരുപയോഗ ഊർജ്ജമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇരു സ്ഥാപനങ്ങളും കരാർ ഒപ്പിട്ടു. പദ്ധതി രൂപരേഖ അനർട്ട് തയ്യാറാക്കുകയാണ്. പ്രത്യേകം രൂപകല്പനയിൽ വിൻഡ് ടർബനുകൾ നിർമ്മിക്കേണ്ടിവരും. അത് നോർവീജിയൻ കമ്പനി ഡിസൈൻ ചെയ്ത് തരും. അമേരിക്കയുൾപ്പെടെ ഇത്തരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

എന്തുകൊണ്ട് വിഴിഞ്ഞം?

1. കൂറ്റൻ തിരമാലകളും ശക്തികൂടിയ കാറ്റും. പങ്കകൾ അതിവേഗം കറങ്ങി കൂടുതൽ ഉത്പാദനം

2. വൈകുന്നേരത്തോടെ കാറ്റ് ശക്തമാവും. കൂടുതൽ വൈദ്യുതി വേണ്ടിവരുന്നതും അപ്പോഴാണ്

3.അന്താരാഷ്ട്ര തുറമുഖം വരുന്നതോടെ പ്രസരണനഷ്ടം കൂടാതെ വൈദ്യുതി ഉപയോഗിക്കാം

നിലവിൽ 2.23 ശതമാനം 2040ഓടെ പൂർണമായി ഹരിതവൈദ്യുതിയിലേക്ക് മാറുക ലക്ഷ്യം. 70.28 മെഗാവാട്ട് മാത്രമാണ് നിലവിൽ കാറ്റിൽ നിന്നുള്ള വൈദ്യുതി. മൊത്തം വൈദ്യുതിയുടെ 2.23% മാത്രം.

 3145 മെഗാവാട്ട്

സോളാർ അടക്കം

കേരളത്തിലെ

ഹരിത വൈദ്യുതി

ഉത്പാദനം