ഹക്കീം ഫൈസി വിവാദം: സാദിഖലി തങ്ങളെ സംരക്ഷിച്ച് സമസ്ത

Thursday 23 February 2023 12:35 AM IST

കോഴിക്കോട്: ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജിയിൽ സാദിഖലി ശിഹാബ് തങ്ങളെ സംരക്ഷിച്ച് സമസ്ത. ഹക്കീം ഫൈസി ഉണ്ടാകില്ലെന്ന് സംഘാടകർ പറഞ്ഞതനുസരിച്ചാണ് താൻ പരിപാടിയിൽ പങ്കെടുക്കാൻ പോയതെന്ന് സാദിഖലി തങ്ങൾ പറഞ്ഞതായി സമസ്ത നേതാവും യുവജനസംഘടനയായ എസ്.വൈ.എസിന്റെ സംസ്ഥാന വർക്കിംഗ് സെക്രട്ടറിയുമായ ഹമീദലി ഫൈസി അമ്പലക്കടവ് പറഞ്ഞു. സി.ഐ.സി വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തങ്ങളുടെയും ഫൈസിയുടെയും ഫോട്ടോ വച്ച് ആദ്യമേ പോസ്റ്റർ പുറത്തിറക്കിയത് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ , ഹക്കീം ഫൈസി ഉണ്ടാകില്ലെന്ന ഉറപ്പ് പറഞ്ഞതിനാലാണ് പോയതെന്നും , അവിചാരിതമായി അദ്ദേഹം അവിടെയെത്തുകയായിരുന്നെന്നുവെന്നുമാണ് തങ്ങൾ നൽകിയ വിശദീകരണം.

.സി.ഐ.സി വിഷയവുമായി ബന്ധപ്പെട്ട് ഹക്കീം ഫൈസി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ മാർച്ച് ഒന്നിന് കോഴിക്കോട്ട് പൊതുസമ്മേളനം സംഘടിപ്പിക്കും.

ഈ സമ്മേളനത്തിൽ വച്ച് അദ്ദേഹത്തിന്റെ ആദർശ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്ന് സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.