വില്ലേജ് ഓഫീസിൽ നേരിട്ട് കരം സ്വീകരിച്ചില്ലെങ്കിൽ നടപടി: മന്ത്രി

Thursday 23 February 2023 12:37 AM IST

തിരുവനന്തപുരം: വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലാവുകയാണെങ്കിലും നേരിട്ട് കരം സ്വീകരിക്കാത്ത വില്ലേജ് ഓഫീസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യുമന്ത്രി കെ.രാജൻ പറഞ്ഞു.

വില്ലേജ്, താലൂക്ക് ഉൾപ്പെടെ റവന്യു ഓഫീസുകളുടെ പ്രവർത്തനം കുറ്റമറ്റതാക്കാൻ സർക്കുലർ പുറപ്പെടുവിക്കും.

റവന്യു ഓഫീസുകളിൽ വകുപ്പുതല പരിശോധന കർശനമാക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിജിലൻസ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ നാളെ കൊല്ലത്ത് യോഗം ചേരുന്നുണ്ട്. 21 റവന്യു സേവനങ്ങളിൽ 20ഉം ഓൺലൈൻ ആവുകയാണ്. എന്നാൽ എല്ലാവർക്കും സംവിധാനമുപയോഗിക്കാനാവുന്നില്ല. ഉന്നത, പൊതു വിദ്യാഭ്യാസ വകുപ്പുകൾ, യുവജനക്ഷേമ വകുപ്പ്, കുടുംബശ്രീ സംവിധാനങ്ങൾ വഴി ഡിജിറ്റൽ ബോധവത്കരണത്തിന് നടപടി സ്വീകരിക്കും.

682 വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളായി. 118 എം.എൽ.എമാർ അവരുടെ ഫണ്ടിൽ നിന്ന് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തുക അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ നവംബർ ഒന്നുമുതൽ ലഭ്യമാക്കിതുടങ്ങും.

ഭൂമി അതിർത്തി തർക്കമടക്കം 1.48 ലക്ഷം പരാതികൾ നിലവിലുണ്ട്. ഡിജിറ്റൽ സർവേ കഴിയുന്നതോടെ പരാതികളിൽ തീർപ്പുണ്ടാകും.

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയുമായി ബന്ധപ്പെട്ട് കളക്ടറുടെയും ലാൻഡ് റവന്യുകമ്മിഷണറുടെയും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അഡി. ചീഫ് സെക്രട്ടറിയും അന്വേഷിച്ചു. പുതിയ ചില പരാതികളും ഉയർന്നിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് കെ.എസ്.ആറിന്റെ കൂടി അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.