സമസ്തയുടെ കരുനീക്കം: ഹക്കീം ഫൈസി പുറത്ത്

Thursday 23 February 2023 12:40 AM IST

മലപ്പുറം: കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിയത് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമ്മർദ്ദത്തിലാക്കി ലീഗിലെ ഒരു വിഭാഗം നടത്തിയ അപ്രതീക്ഷിത നീക്കം.

ഹക്കീം ഫൈസിയെ പുറത്താക്കണമെന്ന സമസ്തയുടെ ആവശ്യം അംഗീകരിക്കാൻ സി.ഐ.സി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾ തയ്യാറല്ലായിരുന്നു. മത വിദ്യാഭ്യാസ സംവിധാനങ്ങൾ സമസ്തയുടെ കീഴിലൊതുക്കാതെ പാണക്കാട് തങ്ങന്മാർക്ക് നിർണ്ണായക സ്വാധീനമുള്ള സി.ഐ.സിക്ക് കീഴിലും കൊണ്ടുവന്നതിന്റെ ബുദ്ധികേന്ദ്രമെന്ന നിലയിലാണ് ഹക്കീം ഫൈസിയെ സാദിഖലി തങ്ങൾ സംരക്ഷിച്ചത്. ഹക്കീം ഫൈസിയുള്ള വേദികളിൽ പങ്കെടുക്കരുതെന്ന സമസ്തയുടെ മുന്നറിയിപ്പും മുഖവിലയ്ക്കെടുത്തില്ല. എന്നാൽ സമസ്തയുടെ തീരുമാനം മുസ്‌ലിം ലീഗോ പാണക്കാട് കുടുംബമോ തള്ളിപ്പറയില്ലെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പരസ്യപ്രസ്താവന സമസ്തയ്ക്കുള്ള പിന്തുണയാവുകയും ,പാർട്ടിക്കുള്ളിൽ ഭിന്നാഭിപ്രായമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു.ഇതോടെ, ഹക്കീം ഫൈസിയെ അടിയന്തരമായി പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയ സാദിഖലി തങ്ങൾ രാജി ആവശ്യപ്പെടുകയായിരുന്നു.

രണ്ട് മണിക്കൂ‌‌ർ നീണ്ട ചർച്ചയിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും പങ്കെടുത്തു. ലീഗിലെ സംഘടന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സമസ്തയുടെ പ്രീതിയും സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും ലക്ഷ്യമിട്ടാണ് ഇരുവരുടെയും നീക്കമെന്നാണ് ആക്ഷേപം. ഇതിൽ അതൃപ്തിയുള്ള സാദിഖലി തങ്ങൾ സി.ഐ.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെങ്കിലും അപകടം തിരിച്ചറിഞ്ഞ സമസ്ത നേതൃത്വം അനുനയിപ്പിച്ചു.

രാജിക്ക് വഴി വച്ചത്

സമസ്ത മലപ്പുറം ജില്ലാ മുഷാവറാംഗമായിരുന്ന ഹക്കീം ഫൈസിയെ സംഘടനാ വിരുദ്ധപ്രവർത്തനം ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറിൽ സമസ്ത പുറത്താക്കിയിരുന്നു.

വഖഫ് വിഷയത്തിലടക്കം ലീഗുമായി ഇടഞ്ഞ സമസ്ത പ്രസിഡ‌ന്റ് ജിഫ്രി തങ്ങളെ ഒതുക്കാനായി കൊണ്ടുവന്ന ഭേദഗതിക്ക് ചുക്കാൻ പിടിച്ചത് ഹക്കീം ഫൈസിയാണെന്ന വികാരമാണ് സമസ്തയ്ക്ക്. മത,​ ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുള്ള സി.ഐ.സിയുടെ കരിക്കുലത്തിന് കുറഞ്ഞ കാലയളവിൽ വലിയ സ്വീകാര്യത കിട്ടിയപ്പോൾ സമസ്തയ്ക്ക് കീഴിലെ അക്കാദമിക പ്രസ്ഥാനങ്ങൾക്ക് ഇതു കിട്ടിയിരുന്നില്ല.

മതവിദ്യാഭ്യാസ രംഗത്ത് പാണക്കാട് കുടുംബത്തിന് നേരിട്ടുള്ള സ്വാധീനം സി.ഐ.സിയിലൂടെ കൈവന്നതിലെ അപകടം തിരിച്ചറിഞ്ഞ സമസ്ത,​ സി.ഐ.സിയെ സമസ്തയുടെ മർക്കസിന് കീഴിലാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ബിരുദ സർട്ടിഫിക്കറ്റിൽ സമസ്തയ്ക്ക് കീഴിൽ നടത്തപ്പെടുന്നത് എന്ന വാക്യവും ഉൾപ്പെടുത്തിയില്ല. സി.ഐ.സിക്ക് കീഴിലെ കോളേജുകളിൽ അഞ്ച് വർഷത്തെ വഫിയ്യ കോഴ്സിന് ചേർന്നാൽ കോഴ്സ് തീരും വരെ വിവാഹം പാടില്ലെന്ന തീരുമാനവും സമസ്തയെ ചൊടിപ്പിച്ചു. പെൺകുട്ടികൾക്ക് 20 വയസ്സ് കഴിയുമ്പോഴേ വിവാഹം കഴിക്കാൻ പറ്റൂ. ഇതിലെല്ലാം പുകഞ്ഞ വിവാദമാണ് ഹക്കീം ഫൈസിയുടെ രാജിയിലെത്തിയത്..