രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

Thursday 23 February 2023 12:43 AM IST

തിരുവനന്തപുരം: വനിതാ വികസന കോർപ്പറേഷന്റെ മുപ്പത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്യാൻ ശ്രീമൂലം ക്ലബിലേക്ക് പോകവെ നഗരത്തിൽ രണ്ടിടത്ത് മുഖ്യമന്ത്രിക്ക് നേരെ യുവമോർമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. നിശ്‌ചയിച്ചിരുന്ന സമയത്തെക്കാൾ ഒന്നരമണിക്കൂർ വൈകിയാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയിലേക്ക് ക്ലിഫ് ഹൗസിൽ നിന്നും തിരിച്ചത്. വഴിനീളെ കനത്ത പൊലീസ് സുരക്ഷയൊരുക്കിയിരുന്നെങ്കിലും വെളളയമ്പലം ആൽത്തറ ജംഗ്ഷനിൽ മൂന്ന് യുവമോർച്ച പ്രവർത്തകർ പൊലീസിന്റെ കണ്ണുവെട്ടിച്ചെത്തി കരിങ്കൊടി കാണിക്കുകയായിരുന്നു. യുവമോർച്ച പ്രവർത്തകനായ അജി പൂവച്ചലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ഇരുന്നൂറ് മീറ്റർ മുന്നിലേക്ക് എത്തിയപ്പോൾ ടാഗോർ തിയേറ്ററിന് മുന്നിൽ കരിങ്കൊടിയുമായി വീണ്ടും മൂന്ന് യുവമോർച്ച പ്രവർത്തകരെത്തി. ചെറിയ സംഘർഷത്തിനൊടുവിൽ പ്രവർത്തകരായ വിപിനെയും സുപ്രധരനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഒരാൾ പൊലീസ് വലയം ഭേദിച്ച് രക്ഷപ്പെട്ടു.