ചർച്ചയെ ന്യായീകരിക്കുന്നത് ആത്മവഞ്ചന:ഐ.എൻ.എൽ

Thursday 23 February 2023 12:44 AM IST

കോഴിക്കോട്: സംവാദങ്ങളും ചർച്ചകളും ജനാധിപത്യസമൂഹത്തിലെ ആരോഗ്യകരമായ രീതികളാണെങ്കിലും വർഗീയ ഫാസിസത്തിന്റെ വക്താക്കളായ ആർ.എസ്.എസുമായി രഹസ്യ സമ്പർക്കത്തിലേർപ്പെട്ടതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ആത്മവഞ്ചനയാണെന്ന് ഐ.എൻ.എൽ സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. ജമാഅത്ത് ഇസ്ലാമി അടക്കമുള്ള സംഘടനകൾ ആർ.എസ്.എസുമായി നടത്തിയ ചർച്ചകൾ അപകടകരമായ സൂചനകളാണ് നൽകുന്നതെന്നും ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള മതേതര ശക്തികളുടെ ശ്രമത്തെ തുരങ്കം വയ്ക്കുമെന്നും പ്രവർത്തക സമിതി യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കാസിം ഇരിക്കൂർ, ഡോ. എ.എ.അമീൻ, ബി.ഹംസ ഹാജി, എം.എം.മാഹീൻ, മൊയ്തീൻ കുഞ്ഞി കളനാട്, എം.എ.ലത്തീഫ്, അഷറഫലി വല്ലപ്പുഴ, എം.എം.സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.