ഒരാൾ മുങ്ങിയെന്ന് കരുതി കർഷകരുടെ വിദേശ യാത്ര ഉപേക്ഷിക്കില്ല: മന്ത്രി പ്രസാദ്

Thursday 23 February 2023 1:44 AM IST

അടുത്ത യാത്രയിൽ പറ്റിയാൽ താനും പോകും.

തിരുവനന്തപുരം: ഇസ്രായേൽ സന്ദർശനത്തിനിടെ ഒരാൾ മുങ്ങിയെന്ന കാരണത്താൽ കർഷകർക്കായുള്ള വിദേശ സന്ദർശനങ്ങൾ ഉപേക്ഷിക്കില്ലെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. അടുത്ത വിദേശ സന്ദർശനത്തിൽ സമയവും സൗകര്യവും ഒത്തുവന്നാൽ താനും പോകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇസ്രായേലിലെ കാർഷിക അറിവുകൾ കേരളത്തിൽ പ്രാവർത്തികമാക്കും. സംഘത്തിലുണ്ടായിരുന്ന 26 കർഷകരുമായി ഉദ്യോഗസ്ഥരും കാർഷിക സർവകലാശാലകളിലെ ഉദ്യോഗസ്ഥരും ചർച്ച നടത്തും. വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് നൂതന കൃഷിരീതികൾ കേരളത്തിന് പഠിക്കാനുണ്ട്. കൃഷിയിൽ ലോകത്തുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിനാണ് ഇസ്രായേലിലേക്ക് പോയത്. അതിനു പകരം തമിഴ്നാട്ടിൽ പോയാൽ പോരേയെന്ന തരത്തിലുള്ള ട്രോളുകളെ മുഖവിലയ്ക്കെടുക്കുന്നില്ല.ഇസ്രായേൽ സന്ദർശനത്തിനിടെ മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന്റെ വിസ റദ്ദാക്കാൻ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജുവിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. ഈ വിഷയത്തിൽ ഇസ്രായേലുമായുള്ള ബന്ധത്തിന് കോട്ടം വരുത്താത്ത നടപടികൾ സംസ്ഥാനം സ്വീകരിക്കും. കുടുംബവുമായി ബിജു ആശയവിനിമയം നടത്തുന്നതിനാൽ കാണാതായതു സംബന്ധിച്ച് കുടുംബം പരാതിപ്പെട്ടിട്ടില്ല. ബിജുവിനെ കണ്ടെത്തി തിരികെ നാട്ടിലെത്തിക്കുകയെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. സർക്കാർ തലത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.